‘സ്റ്റോക്കിങ്’ ഇന്ത്യയിൽ വളരെയധികം നിസ്സാരവൽക്കരിക്കപ്പെടാറുള്ള ഒരു കുറ്റകൃത്യമാണ്. ഈ പ്രവൃത്തിക്ക് വിധേയരാകുന്നവർ വലിയ മാനസിക സംഘർഷത്തിലകപ്പെടുകയും, ആ കുറ്റകൃത്യം ചെയ്യുന്നവർ സമൂഹത്തിന്റെയും നിയമവ്യവസ്ഥയുടെയും നിസ്സാരവൽക്കരണത്തിന്റെ ആനുകൂല്യം കൈപ്പറ്റി രക്ഷപ്പെടുകയും ചെയ്യുന്നത് പതിവാണ്. അത്തരം കുറ്റവാളികൾ പ്രസ്തുത കുറ്റകൃത്യങ്ങൾ പിന്നെയും തുടർന്നുകൊണ്ടരിക്കുകയും ചെയ്യുന്നു.
സ്ത്രീകൾ തന്നെയാണ് സ്റ്റോക്കിങ്ങിന് ഇരയാകുന്നതിൽ ഭൂരിഭാഗവുമെന്നുള്ളത് ഈ കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ശാരീരികമായ അതിക്രമങ്ങൾ പോലെ തന്നെ ഇരകളെ വലിയ രീതിയിൽ തളർത്തിക്കളയുന്ന ഈ കുറ്റകൃത്യം ചെയ്യുന്നവരെ പക്ഷേ, പൂവാലന്മാരെന്നു വിളിച്ച് നിഷ്കളങ്കതയുടെ പരിവേഷമണിയിച്ചും, മറ്റുള്ളവർക്ക് ഉപദ്രവമൊന്നും ഏൽപ്പിച്ചിട്ടില്ലല്ലോയെന്ന ന്യായംപറഞ്ഞും സ്വതന്ത്രരാക്കി വിടുന്ന സമീപനമാണ് നിയമപാലകർ സ്വീകരിക്കാറുള്ളത്.
അപരിചിതരിൽ നിന്നു മാത്രമല്ല, ഏറ്റവും അടുപ്പമുണ്ടായിരുന്ന മനുഷ്യരിൽ നിന്നും സ്ത്രീകൾക്ക് ഇത്തരം അതിക്രമങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്. പലപ്പോഴും അസുഖകരമായി പര്യവസാനിക്കുന്ന പ്രണയബന്ധങ്ങളിൽ പെൺകുട്ടികൾക്ക് വലിയ രീതിയിൽ തങ്ങളുടെ മുൻ പങ്കാളികളിൽ നിന്ന് സ്റ്റോക്കിങ്ങിന് ഇരയാകേണ്ടി വരാറുണ്ട്.
തങ്ങൾക്കുമേൽ നടക്കുന്നത് ഗുരുതരമായൊരു കുറ്റകൃത്യമാണെന്ന് മനസ്സിലാക്കാൻ കഴിയാതെ സ്റ്റോക്കിങ്ങിന് വിധേയരാകുന്നവരുടെ എണ്ണവും കുറവല്ല.
എന്താണ് സ്റ്റോക്കിങ്?
നിങ്ങൾക്ക് താല്പര്യമില്ലാതെ, നിങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന രീതിയിൽ ആരെങ്കിലും നിങ്ങളെ, ഏതെങ്കിലും വിധേന സ്ഥിരമായി പിന്തുടരുകയാണെങ്കിൽ അത് സ്റ്റോക്കിങ് ആണ്. നിങ്ങളെ നിരന്തരമായി ശല്യപ്പെടുത്തുകയാണെങ്കിൽ, വിളിക്കുകയാണെങ്കിൽ, സന്ദേശമയയ്ക്കുകയാണെങ്കിൽ അത് സ്റ്റോക്കിങ് ആണ്. നിങ്ങളുടെ ഓഫീസിനു പുറത്ത്, അല്ലെങ്കിൽ വീടിനു പുറത്ത് നിൽക്കുകയോ, നിങ്ങൾക്ക് സമ്മാനങ്ങൾ അയയ്ക്കുകയോ, നിങ്ങളുടെ ഫോട്ടോ എടുക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ നിങ്ങളെ ഭീഷണിപ്പെടുത്തുകയോ ചെയ്യാറുണ്ടെങ്കിൽ നിങ്ങൾ സ്റ്റോക്കിങ്ങിന്റെ ഇരയാകുകയാണ്.
സ്റ്റോക്കിങ് ഇരയുടെ മാനസികാരോഗ്യത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതിനാൽത്തന്നെ കുറ്റകൃത്യം വളരെ ഗൗരവപ്പെട്ടതാണ്. ഇരയാകുന്നവരുടെ ആത്മവിശ്വാസത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വലിയ ക്ഷതമേൽപ്പിക്കാനും ഈ കുറ്റവാളികൾക്ക് സാധിക്കുന്നു.
ന്യൂസ് മിനിറ്റ് പോർട്ടലിലെ തൻമയി ചാറ്റ് ഷോയില്‍ പങ്കെടുത്ത് ചലച്ചിത്രനടി പാര്‍വതി തിരുവോത്ത് സ്റ്റോക്കിങ്ങുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞത് ഞെട്ടിക്കുന്നതായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഇതേക്കുറിച്ച് സംസാരിക്കാന്‍ തന്നെ പ്രയാസമായിരുന്നുവെന്നാണ് അവർ പറഞ്ഞത്. അത്രയധികം മാനസികാഘാതം തനിക്കത് ഉണ്ടാക്കി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി വിവിധതരത്തിലുള്ള അതിക്രമങ്ങളായിരുന്നു നേരിട്ടത്. അത്രത്തോളം ഭയത്തിലാണ് ജീവിച്ചത്.
സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ സമയം മുതലാണ് ഇത് ആരംഭിക്കുന്നതെന്ന് പാർവ്വതി പറയുന്നു. രണ്ട് പുരുഷന്‍മാര്‍ തന്റെ മേല്‍വിലാസം തേടിപ്പിടിച്ച് എപ്പോഴും വരുമായിരുന്നു. ഞാന്‍ അവരുമായി പ്രണയത്തിലാണെന്നൊക്കെ പറഞ്ഞുപരത്തും.
“എന്റെ കുടുംബത്തെക്കുറിച്ച മോശം പറയുക, ഫെയ്‌സ്ബുക്കില്‍ എന്നെക്കുറിച്ച് അധിക്ഷേപകരമായ കാര്യങ്ങള്‍ എഴുതുക. എന്റെ വീടുതേടി വരിക അങ്ങനെ ഒരുപാട് സംഭവങ്ങളുണ്ടായി. അവരെ എത്ര ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നില്ല. പൊലീസ് ഇടപെടല്‍ നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്ക് തോന്നുന്നു, അതെല്ലാം വലിയ അപകടത്തില്‍ ചെന്ന് അവസാനിക്കുമായിരുന്നുവെന്ന്. അവര്‍ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്‌തേനേ. എന്റെ ഭാഗ്യംകൊണ്ട് അതൊന്നും സംഭവിച്ചില്ല.”
“ഞാന്‍ എവിടെ പോകുന്നോ അവിടെ വരുമായിരുന്നു. ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് പുറത്തിറങ്ങാന്‍ പേടിയായിരുന്നു. ഒരിക്കല്‍ ഇയാള്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. ഭാഗ്യത്തിന് അവിടെ സിസിടിവി ഉണ്ടായിരുന്നു. ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ സെക്യൂരിറ്റിയുമായി കയര്‍ത്തു. അതിനുശേഷം ആ പാക്കേജ് അവിടെ ഉപേക്ഷിച്ചുപോയി.”
പൊലീസില്‍ പരാതി നല്‍കിയപ്പോഴുണ്ടായ അനുഭവവും താരം പങ്കുവച്ചു. അയാളെ വിളിച്ച് താക്കീത് നല്‍കിയാലോ എന്നാണ് ഒരുദ്യോഗസ്ഥന്‍ ചോദിച്ചത്. എനിക്കുവേണ്ടി ഒരു ഫിലിമി മാമൻ ആകേണ്ടെന്നാണ് താന്‍ മറുപടി നല്‍കിയതെന്നും പാർവതി പറയുന്നു.
ആയിരക്കണക്കിന് സ്റ്റോക്കിങ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നത്. പരാതിയുമായി ചെല്ലുന്നവരെ പൊലീസ് നിരുത്സാഹപ്പെടുത്തുന്നത് ഒരു സാധാരണ കാര്യമാണ്. ഇര പോലീസിനോട് കാര്യങ്ങൾ തുറന്നുപറയുമ്പോൾ പോലും സ്റ്റോക്കിങ് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന സമീപനമാണ് പോലീസിനുള്ളത്.
പതിനാല് സെക്കന്റില്‍ കൂടുതല്‍ സമയം സ്ത്രീകളെ നോക്കിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കാമെന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് എക്‌സൈസ് കമ്മീഷ്ണറായിരുന്ന ഋഷിരാജ് സിംഗ് നടത്തിയ പ്രസ്താവനയെ പരിഹസിച്ചും ട്രോളുകളുമിറക്കിയാണ് കേരളീയസമൂഹം അവഗണിച്ചത്. അന്ന് നടന്ന പരിഹാസം മലയാളി പുരുഷന്മാർക്കുള്ളിലുള്ള സ്റ്റോക്കറെ പുറത്തുകാട്ടുന്നതായിരുന്നു.
വാസ്തവത്തിൽ സ്റ്റോക്കിങ്ങിന്റെ പരിധിയിൽ വരുന്ന ഒരു കുറ്റകൃത്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കുറ്റകൃത്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കും നിയമപാലകർക്കും അവബോധമുണ്ടായിരിക്കേണ്ടത് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ മുമ്പോട്ട് പോക്കിന് അനിവാര്യമാണ്. സ്റ്റോക്കിങ്ങിന്റെ കാര്യത്തിൽ ഇതില്ല എന്നതാണ് വസ്തുത.
സ്റ്റോക്കിങ്ങ്
ഇന്ത്യൻ ശിക്ഷാ നിയമം 2013 ഭേദഗതി സെക്ഷൻ 354 ഡി പ്രകാരം സ്റ്റോക്കിങ് 3 വർഷം മുതൽ 5 വർഷം വരെ തടവും പിഴയും ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണ്. എൻസിആർബി കണക്കു പ്രകാരം ഇന്ത്യയിൽ ഓരോ 55 മിനിറ്റിലും ഒരു സ്റ്റോക്കിങ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2021-ൽ, 9,285 സ്റ്റോക്കിങ്ങ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകളെക്കാൾ എത്രയോയധികം കുറ്റകൃത്യങ്ങൾ സംഭവിക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം.
2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 66 എ-പ്രകാരം, ഒരു വ്യക്തി സാമൂഹ്യമാധ്യമങ്ങൾ വഴി മാറ്റാരെയെങ്കിലും ശല്യം ചെയ്യുകയോ ഭീഷണിപ്പെടുത്തുക്കുകയോ, അപമാനിക്കുകയോ ചെയ്‌താൽ അത് 3 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ സ്റ്റോക്കിങ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 1,399 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സൈബർ ഇടത്തിലും ഏറ്റവും കൂടുതൽ സ്റ്റോക്കിങ് നേരിടുന്നത് സ്ത്രീകളാണ്. എന്നാൽ സൈബർ സ്റ്റോക്കിങ്ങിന് എതിരായി കർശന നിയമങ്ങളുള്ള രാജ്യമാണെങ്കിലും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ പലപ്പോഴും വലിയ പോരായ്മ നിലനിൽക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.