ആലപ്പുഴ: കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ ആദ്യ സബ് ഓഫീസ് മാവേലിക്കര മിനി സിവില്‍ സ്റ്റേഷനില്‍ ഇന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷനാകും.
കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യ പ്രഭാഷണം നടത്തും. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മാവേലിക്കര നഗരസഭ ചെയര്മാന് കെ. വി. ശ്രീകുമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേരളത്തിലെ പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെയും പട്ടികജാതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവരുടെയും സാമ്പത്തിക സാമൂഹിക സാംസ്കാരിക ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന്.
കോട്ടയം നാഗമ്പടത്താണ് കോര്പ്പറേഷന് ഹെഡ് ഓഫീസ്. കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ മേഖല ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മാവേലിക്കര മിനി സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയില്‍ ആരംഭിക്കുന്നത് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ ആദ്യത്തെ സബ് ഓഫീസാണ്. കോര്‍പ്പറേഷന്റെ ഗുണഭോക്താകളില്പെട്ട നിരവധിയാളുകള്‍ മാവേലിക്കര, ഹരിപ്പാട്, പന്തളം, കായംകുളം, ചാരുമൂട്, അടൂര്‍ എന്നിവിടങ്ങളിലുണ്ട്. സേവനം കൂടുതല്‍ ഫലപ്രദമായി ഈ പ്രദേശങ്ങളിലുള്ള ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാണ് സബ് ഓഫീസ് ആരംഭിക്കുന്നത്.