പതിനാലാംമൈൽ : അടൂർ പതിനാലാം മൈൽ വെള്ളച്ചാൽ ഭാഗത്തെ കനാൽ അക്വാഡക്ട് കാരണം നാട്ടുകാർ പ്രയാസത്തിലായിട്ട് വർഷങ്ങളാകുന്നു. റോഡിനു മധ്യത്തിലൂടെ അക്വാഡക്ട് നിർമിച്ചതാണ് പ്രശ്നത്തിനു കാരണം. ഇതോടെ ബൈക്കുപോലെയുള്ള ചെറുവാഹനങ്ങൾക്ക് മാത്രമാണ് കടന്നുപോകാൻ സാധിക്കുക.
കെ.പി റോഡിലേക്കും എം.സി. റോഡിലേക്കും വേഗത്തിൽ പോകാൻ സാധിക്കുന്ന വഴിക്കാണ് ഈ തടസ്സം. ഇതുകാരണം മറ്റു വഴികളിൽകൂടി ചുറ്റിക്കറങ്ങിയാണ് നാട്ടുകാരുടെ യാത്ര. ഒട്ടേറെ തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. കൂടാതെ അക്വാഡക്ടിന്റെ ഉയരത്തിലുള്ള രണ്ട് പൈപ്പുകൾ അകന്നിരിക്കുകയാണ്.
ഇതിനാൽ കനാൽ തുറന്നാൽ എപ്പോഴും വെള്ളം പുറത്തേക്ക് ഒഴുകുകയാണ് പതിവ്. അകന്ന പൈപ്പിന്റെ ഭാഗം ഏതു നിമിഷവും ഇളകി മാറാവുന്ന അവസ്ഥയിലാണ്. കൂടാതെ അക്വാഡക്ട് സ്ഥാപിക്കാൻ കെട്ടിയ അടിത്തറ ഇളകിയ അവസ്ഥയിലാണ്. 40 വർഷത്തിൽ അധികം പഴക്കമുള്ളതാണ് ഈ അക്വാഡക്ട് എന്നാണ് നാട്ടുകാർ പറയുന്നത്.
ഇപ്പോൾ പല വീടുകളിലും വാഹനങ്ങൾ ആയതോടെ റോഡിന്റെ ആവശ്യകതയും വർധിച്ചിരിക്കുകയാണ്. പൈപ്പുകളുടെ വിള്ളൽ നോക്കാൻ മുൻപൊക്കെ അധികൃതർ എത്തുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.