മുംബൈ: ട്വന്റി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ താരം സൂര്യകുമാർ യാദവിന്റെ ഐപിഎല്ലിന്റെ ആദ്യ ഘട്ടം നഷ്ടമായേക്കും. ആരോഗ്യ പ്രശ്നങ്ങൾ കാരണം അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സൂര്യയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ പുരോഗമിക്കുന്ന രഞ്ജി ട്രോഫി സീസണിൽ മുംബൈക്കു വേണ്ടി സൂര്യ കളിക്കാനിറങ്ങില്ലെന്നും ഉറപ്പായിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഏറ്റ പരുക്കാണ് സൂര്യയെ പ്രതിസന്ധിയിലാക്കിയതെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്. എന്നാൽ, മറ്റു ചില ആരോഗ്യ പ്രശ്നങ്ങളാണ് അദ്ദേഹത്തിനുള്ളതെന്നും, ശസ്ത്രക്രിയയിലൂടെയേ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കൂ എന്നുമാണ് പുതിയ റിപ്പോർട്ട്. നിലവിൽ ബംഗളൂരുവിലുള്ള നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലാണ് സൂര്യകുമാർ യാദവ്. അവിടെനിന്ന് ജർമനിയിലെ മ്യൂണിച്ചിലേക്കാണ് ശസ്ത്രക്രിയയ്ക്കായി പോകുക.
സ്പോർട്സ് ഹെർണിയ എന്ന രോഗാവസ്ഥയാണ് സൂര്യകുമാർ യാദവിന് സ്ഥിരീകരിച്ചിരിക്കുന്നത്. അടിവയറ്റിലെ പേശികൾക്കുണ്ടാകുന്ന ക്ഷതവും അതുകാരണമുള്ള വിട്ടുമാറാത്ത വേദനയുമാണ് സ്പോർട്സ് ഹെർണിയ. ഇടുപ്പ് ഭാഗത്തിനുണ്ടാകുന്ന നിരന്തരവും ശക്തവുമായ ചലനങ്ങളാണ് ഇതിനു കാരണമാകുന്നത്. അതിനാൽ തന്നെ കായികതാരങ്ങൾക്കാണ് പൊതുവേ ഈ അവസ്ഥ കണ്ടുവരുന്നത്. അമിതമായ വ്യായാമവും വെയ്റ്റ് ട്രെയ്നിങ്ങും കോർ സ്ട്രെങ്തനിങ് എക്സർസൈസുകളും സൂര്യയുടേതു മാത്രമായ ബാറ്റിങ് ശൈലിയുമാണ് ഇപ്പോൾ അസുഖത്തിനു കാരണമായിരിക്കുന്നതെന്നാണ് അനുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു