മലയാള സിനിമയിലെ മിന്നും താരമാണ് അജു വര്‍ഗ്ഗീസ്. കോമഡിയലൂടെയാണ് അജു കയ്യടി നേടുന്നത്. എന്നാല്‍ ഇന്ന് കോമഡിയില്‍ മാത്രമല്ല, നായകനായും വില്ലനായും സഹനടനായുമെല്ലാം അജു വര്‍ഗ്ഗീസ് കയ്യടി നേടിയിട്ടുണ്ട്.
പോയ വര്‍ഷം പുറത്തിറങ്ങിയ കേരള ക്രൈം ഫയല്‍സ് എന്ന സീരീസിലൂടെ ഒടിടി ലോകത്തും അജു വര്‍ഗ്ഗീസ് സാന്നിധ്യം അറിയിച്ചിരുന്നു. മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു സീരീസ്.
ഇപ്പോഴിതാ 2024 ന്റെ തുടക്കത്തിലും കയ്യടി നേടുകയാണ് അജു വര്‍ഗ്ഗീസ്. ഹോട്ട്സ്റ്റാറിന്റെ പുതിയ സീരീസായ പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലൂടെയാണ് അജു കയ്യടി നേടുന്നത്. തന്റെ കരിയറില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും അതിനുണ്ടായ കാരണവും വെളിപ്പെടുത്തുകയാണ് അജു വര്‍ഗ്ഗീസ്.
നിരന്തരപരാജയവും കോവിഡ് അടക്കമുള്ള പ്രതിസന്ധികളും വന്നതോടെ ഞാന്‍ എന്തെങ്കിലും കാര്യങ്ങളില്‍ അമിത പ്രതീക്ഷ വയ്ക്കുന്നതു നിര്‍ത്തി. എന്റെ ജോലി ആക്ഷനും കട്ടിനും ഇടയിലാണ്. അതില്‍ പരിപൂര്‍ണമായി ശ്രദ്ധിക്കാന്‍ തീരുമാനിച്ചു എന്നാണ് അജു പറയുന്നത്. റിസല്‍റ്റ് എന്തു തന്നെയായാലും അതിനെ അംഗീകരിക്കാനായി എന്റെ മനസ്സിലെ പാകപ്പെടുത്തിയെന്നും താരം പറയുന്നുണ്ട്.
അതേസമയം, ശ്രദ്ധ മറ്റൊന്നിലേക്കും പോകാതിരിക്കാന്‍ താന്‍ നിര്‍മ്മാണത്തില്‍ നിന്നും മാറി നില്ക്കാന് തീരുമാനിച്ചുവെന്നും അജു പറയുന്നു.
അതിന്റെ നേട്ടം അജുവിനുണ്ടാവുകയും ചെയ്തു.മേപ്പടിയാന്, കേരള ക്രൈം ഫയല്‍സ് വെബ് സീരീസ്, നദികളില്‍ സുന്ദരി യമുന, ഫീനിക്സ് തുടങ്ങിയവയിലെ കഥാപാത്രങ്ങള്‍ അജുവിനെ തേടിയെത്തുന്നത് അതിന് ശേഷമാണ്. തന്റെ തീരുമാനത്തിനുള്ള അംഗീകാരമാണ് ഓരോ കഥാപാത്രത്തിനും പ്രേക്ഷകര്‍ നല്കിയ പിന്തുണയും സ്നേഹവും എന്നാണ് അജു പറയുന്നത്.
ഇത്തരത്തിലൊരു മാറ്റം വേണമെന്ന് തോന്നാനുള്ള കാരണവും അജു തുറന്ന് പറയുന്നുണ്ട്. ”കോവിഡ് കാലത്തെ ചില അനുഭവങ്ങള്‍ ഏറെ തിരിച്ചറിവു നല്കിയെന്നു പറഞ്ഞല്ലോ.. അതിലൊന്നാണു ഫോര്‍മാറ്റുകള്‍ക്ക് കാര്യമായ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നത്.
സിനിമയോ, വെബ് സീരീസോ, സീരിയലോ എന്തുമാകട്ടെ എനിക്കു നല്‍കിയിരുന്ന ജോലി ഭംഗിയായി ചെയ്യുകയാണു പ്രധാനം.” എന്നാണ് അജു പറയുന്നത്.
സീനിയറോ ജൂനിയറോ എന്നതല്ല ക്രാഫ്റ്റ് അറിയാവുന്ന മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയെന്നതാണു ഇന്ന് തന്റെ ലക്ഷ്യമെന്നും അജു പറയുന്നുണ്ട്. അവരെ പൂര്‍ണമായും വിശ്വസിച്ചാണു മുന്നോട്ടു പോകുന്നതെന്നും അജു പറയുന്നു.
മുന്‍പു ചില സിനിമകള്‍ ഇറങ്ങിക്കഴിയുമ്പോഴുള്ള വരവേല്‍പ്പും മറ്റും സ്വപ്നം കാണുകയും അത് അനുസരിച്ച് ചില പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും പതിവായിരുന്നു. എന്നാല്‍, കോവിഡ് കാലം കഴിഞ്ഞതോടെ ഇതെല്ലാം മാറിയെന്നാണ് അജു പറയുന്നത്. മനുഷ്യന്റെ പദ്ധതികള്‍ എപ്പോള്‍ വേണമെങ്കിലും മാറി മറിയാമെന്നു ബോധ്യമായല്ലോ എന്നാണ് അജു ചോദിക്കുന്നത്.
പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലെ സൈക്കോ ബാലചന്ദ്രന് പ്രേക്ഷകര്‍ കയ്യടിക്കുകയാണ്. 2024 ഗംഭീരമായി തുടങ്ങിയ അജുവിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകളും പ്രതീക്ഷയുള്ളതാണ്.
മിഥുന് മാനുവലിന്റെ ‘അര്‍ധരാത്രിയിലെ കുട’, ‘സ്ഥാനാര്‍ഥി ശ്രീകുട്ടന്’, വിനീതിന്റെ ‘വര്‍ഷങ്ങള്‍ക്കു ശേഷം’, ‘ഐഡന്‍ന്റിറ്റി’, ഗഗനചാരി എന്നിവയാണ് അജുവിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍. ഇതിന് പുറമെ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’ എന്ന വെബ് സീരിസ് ഉടന്‍ വരുന്നുണ്ട്.