എല്ലാത്തരം സിനിമകളും തുല്യ ധൈര്യത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരേയൊരു നടന് എന്ന നിലയില്‍ മമ്മുട്ടി എന്നെന്നേക്കും ഓര്‍മിക്കപ്പെടുമെന്ന് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്. കാതല്‍ സിനിമയെ പ്രശംസിച്ചാണ് അനൂപ് മേനോന്റെ വാക്കുകള്‍.
കാതല്‍ പോലൊരു മഹത്തായ കലാസൃഷ്ടി ഒരുക്കിയതിന് തീവ്ര സിനിമാ പ്രേമിയായ താന്‍ നന്ദി പറയുന്നതായും അനൂപ് മേനോന് പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAnoopMenonOfficialPage%2Fposts%2Fpfbid02jDLXP1M6d947vvM781z15Pz2Zd8pELcXoZLpRFHhx2XmNAR3V9oq6vFsGGD7jc73l&show_text=true&width=500
‘കാതൽ കണ്ടു. തെലുങ്കിലെയും ബോളിവുഡിലെയും ബുദ്ധിശൂന്യമായ മസാല സിനിമകളുടെ നിലവാരത്തിലേക്ക് മലയാള സിനിമ കൂപ്പുകുത്തുന്ന ഈ സമയത്ത് ഒരു യഥാർഥ സിനിമാസംവിധായകൻ എന്ന് വിളിക്കാൻ കഴിയുന്ന ജിയോ ബേബി തന്റെ അസാമാന്യ കഴിവുള്ള എഴുത്തുകാരായ ആദർശിനും പോൾസണിനും ഒപ്പം കെ.ജി. ജോർജിനെയും പത്മരാജനെയും ലോഹിതദാസിനെയും ഭരതനെയും എംടിയെയും പോലെ സർഗാധനന്മാരായ പ്രതിഭകൾ ചെയ്തുവച്ച മലയാളസിനിമയുടെ പൈതൃകവും ചാരുതയും വിളിച്ചോതുന്ന ഒരു സിനിമയാണ് സമ്മാനിച്ചിരിക്കുന്നത്.’
കാതലിലേത് പോലെ ഇത്രയും സൂക്ഷ്മമായ ഒരു വിഷയം ഇവർ മൂവരും എത്ര സമർഥമായിട്ടാണ് വൈവിധ്യമുള്ളതും വിഭജിതമായ ഒരു സമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. മാത്യുവിന്റേയും ഓമനയുടേയും പ്രണയം ഭൗതികതയ്ക്ക് അതീതമാണ്.
ഓമന വീട്ടില്‍ നിന്ന് പോയതിന് ശേഷം ഏകാന്തമായി കിടക്കുന്ന അടുക്കളയിലേക്ക് മാത്യു നോക്കുന്ന ഷോട്ട് വേദനിപ്പിക്കുന്നതും നീറുന്നതുമാണ്, ഫെയ്സ്ബുക്ക് പോസ്റ്റില്‍ അനൂപ് മേനോന് പറയുന്നു.
മാത്യുവിന്റെ പ്രണയത്തിന് വേണ്ടി കൂടിയാണ് ഞാന്‍ പോരാടുന്നത് എന്ന് ഓമന പറയുമ്പോള്‍ അവളുടെ ഉദ്ദേശത്തിന്റെ സത്യസന്ധത നമ്മെ അല്‍ഭുതപ്പെടുത്തുന്നു. ഏച്ചുകെട്ടലുകളില്ലാത്തതാണ് കാതലിന്റെ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും എല്ലാം. മാത്യുവും തങ്കനും ഒരു വേനല്‍മഴയ്ക്കിടയില്‍ കണ്ടുമുട്ടുന്ന രംഗം സിനിമകളില്‍ നമ്മള് കണ്ടതില്‍ വെച്ച് ഏറ്റവും കാവ്യാത്മകമായ നിമിഷങ്ങളിലൊന്നാണ്.
മമ്മൂക്കയുടെ താരപരിവേഷം ഇല്ലായിരുന്നെങ്കില്‍ ഇത്രയും വലിയ വിഭാഗം പ്രേക്ഷകരിലേക്ക് ഈ സിനിമ എത്തിക്കാന്‍ ജിയോയ്ക്ക് കഴിയുമായിരുന്നില്ല. കാതല്‍ പോലെ മഹത്തായൊരു കലാസൃഷ്ടി ഒരുക്കിയതിന് ഒരു തീവ്രസിനിമാ പ്രേമി നന്ദി പറയുന്നു.