2024ല്‍ അറുപതോളം രാജ്യങ്ങളിലാണ് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ജനുവരിയില്‍ തന്നെ പോളിംഗ് ബൂത്തിലെത്തുന്നത് ബംഗ്ലാദേശാണ്. രാവിലെ എട്ടു മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് നാലു വരെ നീളും. മറ്റൊരു പ്രത്യേകത വോട്ടെണ്ണലും ഇന്ന് തന്നെ ആരംഭിക്കുമെന്നതാണ്. അടുത്ത ദിവസം തന്നെ ഫലവും പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.
പാര്‍ലമെന്റിലെ മൂന്നുറു സീറ്റുകളിലേക്ക് മത്സരിക്കാന്‍ രണ്ടായിരത്തോളം സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. പ്രധാനപ്രതിപക്ഷ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ നാലാം തവണയും പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന തന്നെ അധികാരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഹസീനയുടെ ഭരണത്തിന് കീഴില്‍ നടക്കില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിലാണ്. ഹസീന രാജിവയ്ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
പ്രതിഷേധങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ തീപിടിച്ച രണ്ടു സംഭവങ്ങളിലായി ഒമ്പതോളം പേര് മരിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തിന്റെ ഗൂഡാലോചനയാണെന്നാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും നിഗമനം. ഈ സാഹചര്യത്തില്‍ എട്ടു ലക്ഷത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.