ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പുതിയ മുദ്രാവാക്യവും ലോഗോയും പുറത്തിറക്കി കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറിമാരായ ജയറാം രമേശ്, കെ.സി വേണുഗോപാൽ എന്നിവരാണ് പുറത്തിറക്കിയത്. ‘ന്യായ് കാ ഹഖ് മിൽനെ തക്’ (നമുക്ക് നീതി കിട്ടും വരെ) എന്നതാണ് പുതിയ മുദ്രാവാക്യം.
‘രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജനുവരി 14 മുതൽ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുകയാണ്. ജനങ്ങൾക്ക് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതി ലഭ്യമാക്കാനുള്ള ശക്തമായ ചുവടുവെപ്പാണ് ഈ യാത്ര’ -മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച ഖാർഗെ, വംശീയ കലാപം നടന്ന മണിപ്പൂരിൽ അദ്ദേഹം ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നും പറഞ്ഞു. ‘മറ്റൊരു വഴിയുമില്ലെന്ന് പറയാൻ ഞങ്ങൾ ജനങ്ങളുടെ ഇടയിലേക്ക് പോവുകയാണ്. പാർലമെന്റിൽ സംസാരിക്കാനും പ്രശ്നങ്ങൾ ഉന്നയിക്കാനും ഞങ്ങൾ ശ്രമിച്ചു. എന്നാൽ, സർക്കാർ ഞങ്ങൾക്ക് അവസരം നൽകിയില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി 146 എംപിമാരെ സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി ലോക്സഭയിൽ എത്തിയെങ്കിലും ഒരിക്കൽ പോലും രാജ്യസഭയിലേക്ക് എത്തിനോക്കിയത് പോലുമില്ല’ -ഖാർഗെ കൂട്ടിച്ചേർത്തു.
മണിപ്പൂരിലെ ഇംഫാലിൽ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. ആകെ 6713 കിലോമീറ്റർ ദൂരമാണ് യാത്ര. ഇതിൽ 100 ലോക്സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും 110 ജില്ലകളും ഉൾപ്പെടുന്നു. മാർച്ച് 20ഓടെ മുംബൈയിൽ സമാപിക്കും. അരുണാചലിലെ പാസിഘട്ടിൽ നിന്ന് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ പോർബന്തറിലേക്ക് യാത്ര നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, വംശീയ കലാപം നടന്ന മണിപ്പൂരിൽനിന്ന് യാത്ര ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ് യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങൾ.