ഒരിടവേളയ്ക്ക് ശേഷമുള്ള ജയറാമിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും എബ്രഹാം ഓസ്ലര് എന്നാണ് സിനിമാ ലോകവും ആരാധകരും പ്രതീക്ഷിക്കുന്നത്. തുടര്‍ പരാജയങ്ങളെ തുടര്‍ന്നാണ് ജയറാം മലയാളത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്.
എന്നാല്‍ ഈ സമയം തമിഴിലും തെലുങ്കിലും ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും ചെയ്തു. പൊന്നിയിന്‍ സെല്വന് അടക്കമുള്ള സിനിമകളിലെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മലയാളത്തില്‍ നിന്നും താന്‍ ഇടവേളയെടുത്തതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജയറാം. മകന് കാളിദാസാണ് തന്നോട് മലയാളത്തില്‍ ഒരിടവേളയെടുക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ജയറാം പറയുന്നത്.
”സിനിമയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ എന്റെ മോനാണു പറഞ്ഞത് ”മലയാളത്തില്‍ അപ്പായ്ക്കു ബ്രേക്ക് എടുക്കാം. അവര്‍ത്തനവിരസത മാറുമല്ലോ. തെലുങ്കില്‍ നിന്നൊക്കെ വരുന്ന പടങ്ങളും ചെയ്യാം. നായകനല്ല എന്നല്ലേയുള്ളൂ.
മറ്റു വേഷങ്ങള്‍ ചെയ്യാനും കൂടുതല്‍ ഭാഷകളിലേക്കു പോകാനും പറ്റും. നല്ല സിനിമ വരുമ്പോള്‍ മലയാളത്തിലും ചെയ്യാം” എന്ന്. ” എന്നാണ് ജയറാം പറയുന്നത്. പിന്നാലെ താന്‍ ഓസ്ലറിലേക്ക് എത്തിയതിനെക്കുറിച്ചും ജയറാം സംസാരിക്കുന്നുണ്ട്.
ഒന്നര വര്‍ഷം മുന്‍പായിരുന്നു മിഥുന് മാനുവല്‍ തോമസ് തന്റടുത്തു കഥ പറയുന്നതെന്നാണ് ജയറാം പറയുന്നത്. ടൈറ്റില്‍ മാത്രമാണ് ആദ്യം പറഞ്ഞത്. അബ്രഹാം ഓസ്ലര്. ഇതൊരു ആക്ഷന്‍ സിനിമ ആണോ എന്നാണു ഞാന്‍ മിഥുനോടു ചോദിച്ചത്.
ആക്ഷനല്ല ഇതൊരു ക്രൈം മെഡിക്കല്‍ ത്രില്ലറാണെന്നു കേട്ടപ്പോള്‍ രസം തോന്നിയെന്നും ജയറാം പറയുന്നു. അതേസമയം, താന്‍ ഈ കഥാപാത്രം അവതരിപ്പിക്കണമോ എന്ന സംശയം ജയറാമിനുണ്ടായിരുന്നു.
കഥ മുഴുവന്‍ കേട്ടപ്പോള്‍ ഞാന്‍ മിഥുനോട് ചോദിച്ചു, ”ഇതു ജയറാമിനു ചേരുന്ന ക്യാരക്ടറാണോ അതോ നിങ്ങള്‍ വേറെ ആരിലേക്കെങ്കിലും പോകുന്നതാണോ നല്ലത്” എന്ന്. അത്രയും ഹെവി ആയിട്ടുള്ള നല്ല കഥാപാത്രമാണെന്നാണ് ജയറാം പറയുന്നത്.
എന്നാല്‍ ഞാന്‍ ചെയ്യുന്നില്ലെങ്കില്‍ അവര്‍ ഈ പടം തന്നെ വേണ്ടെന്നു വയ്ക്കും എന്നു കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ജയറാം പറയുന്നു.
ജീവിതത്തില്‍ ഒരുപാടു പ്രയാസങ്ങളിലൂടെ കടന്നുപോയിട്ടുള്ള കഥാപാത്രമാണ് ഓസ്ലര്. ആ ഒരു രൂപവും നടത്തവും കഥാപാത്രത്തിന്റെ ഭൂതകാലവും കേട്ടപ്പോള്‍ വലിയ ആവേശമായെന്നും ജയറാമിലെ നടന് പറയുന്നു. അതേസമയം ഓസ്ലറില് മമ്മൂട്ടിയുണ്ടോ എന്ന ചോദ്യത്തിനും ജയറാം മറുപടി നല്‍കുന്നുണ്ട്.
എനിക്ക് അറിയില്ല. ഞാന്‍ 54 ദിവസം സെറ്റില്‍ ഉണ്ടായിരുന്നു. അത്രയും ദിവസം മമ്മൂക്കയെ ഞാന്‍ സെറ്റില്‍ കണ്ടിട്ടില്ലെന്നാണ് ജയറാം പറയുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയിലറിലെ മമ്മൂട്ടിയുടെ ശബ്ദം വലിയ ചര്‍ച്ചയായി മാറിയിരുന്നു.