കൊച്ചി: ശ്വാസകോശത്തിന് ഗുരുതരരോഗം ബാധിച്ച ഒന്നരമാസം മാത്രം പ്രായമുള്ള കുഞ്ഞിന് ബാഹികമായി ശ്വാസോച്ഛ്വാസ പിന്തുണ നൽകുന്ന എക്മോ ചികിത്സ (എക്സ്ട്രാകോർപ്പോറിയൽ മെംബ്രെയിൻ ഓക്സിജനേഷൻ) വിജയകരമായി പൂർത്തിയാക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാരുടെ സംഘം.
ഏഴാം മാസത്തിൽ പിറന്ന ഒന്നരമാസം മാത്രം പ്രായമുള്ള അയിഷത്ത് അഫ്രീൻ ആരിഫാണ് നിരന്തരപ്രയത്നത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങിവന്നത്.
ന്യുമോണിയയും ശ്വാസതടസവും ഗുരുതരമായപ്പോഴാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആദ്യത്തെ പത്ത് ദിവസം വെന്റിലേറ്ററിലായിരുന്നു. കടുത്ത വൈറസ് ബാധയായിരുന്നു പ്രതിസന്ധി. പിന്നാലെ വീണ്ടും അണുബാധയുണ്ടായത് കാര്യങ്ങൾ സങ്കീർണമാക്കി.
ആന്റിബയോട്ടിക്കുകൾ നൽകിയിട്ടും ശ്വാസകോശത്തിലെ തകരാർ കാരണം ഫലമുണ്ടായില്ല. സാധാരണ വെന്റിലേറ്ററിന്റെ സഹായത്തോടെ രക്തത്തിലെ ഓക്സിജന്റെ അളവ് നിയന്ത്രിക്കാൻ സാധിച്ചില്ല. ആ ഘട്ടത്തിലാണ് എയർ ആംബുലൻസിലൂടെ കൊച്ചിയിലെത്തിച്ച് ആസ്റ്റർ മെഡ്സിറ്റിയിൽ അഡ്മിറ്റ് ചെയ്തത്.
ഉയർന്ന തരംഗദൈർഖ്യമുള്ള, അതിനൂതന വെന്റിലേറ്ററിൽ കുഞ്ഞിനെ പ്രവേശിപ്പിക്കുകയും ചെയ്യ്തു.പക്ഷേ വെന്റിലേറ്ററിന്റെ പിന്തുണകൊണ്ടുമാത്രം കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ശ്വാസകോശത്തിനും ഹൃദയത്തിനും എക്മോ പിന്തുണ നല്കാൻ തീരുമാനിച്ചു.
നവംബർ ഒന്നിന് ആരംഭിച്ച എക്മോ ചികിത്സ 14 ദിവസം നീണ്ടുനിന്നു. ഇക്കാലയളവിൽ കുഞ്ഞിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടായി. പിന്നീട് 16 ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടർന്നു.
പിന്നീട് കൂടിയ അളവിൽ മൂക്കിലൂടെ ഓക്സിജൻ നൽകുന്ന ഉപകരണത്തിന്റെ സഹായത്തോടെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഈ ചികിത്സാ ഘട്ടങ്ങളിലെല്ലാം കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമായി തന്നെ തുടർന്നു. ഒടുവിൽ ഒരു മാസത്തോളം നീണ്ട പോരാട്ടത്തിനും പ്രാർത്ഥനകൾക്കുമൊടുവിൽ ആസ്റ്റർ മെഡ്സിറ്റിയിൽ നിന്നും ഡിസ്ചാർജ് ആയി.
അയിഷത്തിനെ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചതാണ് മകളുടെ ചികിത്സയ്ക്ക് വേണ്ടിയെടുത്ത ഏറ്റവും ഉചിതമായ തീരുമാനമെന്ന് കുട്ടിയുടെ പിതാവായ മുഹമ്മദ് ആരിഫ് പറഞ്ഞു.
എയർപോർട്ടിൽ നിന്ന് ഐസിയു ആംബുലൻസിൽ കൊച്ചിയിൽ എത്തിക്കുന്നത് വരെയും അതിന്ശേഷമുള്ള ചികിത്സയുടെ ഓരോ ഘട്ടത്തിലും അതീവഹൃദ്യമായാണ് ഡോക്ടർമാരും സ്റ്റാഫുമാരും പെരുമാറിയതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഒരു ഫിനാൻസ് മാനേജറാണ് അദ്ദേഹം. സ്വതന്ത്ര എഴുത്തുകാരിയും ബേക്കറിയുൽപ്പന്നങ്ങൾ തയാറാക്കുന്നയാളുമായ ലുഹ അഹമ്മദാണ് കുഞ്ഞിന്റെ ഉമ്മ.
സീനിയർ കൺസൽട്ടൻറ് ഡോ. സുരേഷ് ജി. നായരുടെ നേതൃത്വത്തിലുള്ള അനസ്തേഷ്യോളജി, ക്രിട്ടിക്കൽ കെയർ ഉൾപ്പെടെയുള്ള ആസ്റ്റർ മെഡ്സിറ്റിയിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കുട്ടിയെ രക്ഷിക്കാനായത്.
മുൻപ് കണ്ടിട്ടില്ലാത്തവിധം വെല്ലുവിളിഞ്ഞ നിറഞ്ഞ ദൗത്യമായിരുന്നു അയിഷത്തിന്റെ ചികിത്സയെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ശിശുരോഗവിഭാഗത്തിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ, സീനിയർ കൺസൽട്ടൻറ് ഡോ. സാജൻ കോശി പറഞ്ഞു.
നിരവധി ഡോക്ടർമാരും ജീവനക്കാരും ചേർന്ന് നടത്തിയ അക്ഷീണപ്രയത്നമാണ് കാര്യങ്ങൾ അനുകൂലമാക്കിയതെന്ന് അദ്ദേഹം പറയുന്നു. ഇത്രയും പ്രായം കുറഞ്ഞ, ഗർഭകാലം പൂർത്തിയാകാതെ പിറന്ന ഒരു കുഞ്ഞിൽ വിജയകരമായി എക്മോ ചികിത്സ പൂർത്തിയായത് കേരളത്തിലെ വൈദ്യശാസ്ത്രരംഗത്ത് തന്നെ ഒരു അപൂർവ്വതയാണ്