മുംബൈ: ഏകദിനത്തില്‍ വീണു പോയത് കുട്ടി ക്രിക്കറ്റില്‍ തിരിച്ചു പിടിപ്പിക്കുമെന്ന പ്രഖ്യാപനമായി ആദ്യ ട്വന്റി20. ടിറ്റസ് സാധു പന്തെറിഞ്ഞും സമൃതി മന്ദാന- ഷഫാലി വര്‍മ കൂട്ടുകെട്ട് ബാറ്റെടുത്തും കളംനിറഞ്ഞ ദിനത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യൻ വനിതകളുടെ ജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ആസ്ട്രേലിയ 141. ഇന്ത്യ: 17.4 ഓവറില്‍ 145/1.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യൻ വനിതകള്‍ മാരകപ്രകടനവുമായി കളം ഭരിക്കുന്നതായിരുന്നു തുടക്കം മുതല്‍ കാഴ്ച. 28 റണ്‍സില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് വീണു. ബെത് മൂണിയെ ടിറ്റസ് സാധു കൗറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിറകെ ഓപണര്‍ അലീസ ഹീലിയും മടങ്ങി. രേണുക സിങ്ങിനായിരുന്നു വിക്കറ്റ്. വണ്‍ഡൗണായി എത്തിയ തഹ്ലിയ മഗ്രാത്ത് സംപൂജ്യയായി കൂടാരം കയറിയതോടെ കളിയുടെ ചിത്രം വ്യക്തമായിരുന്നു. നാലു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സാക്കി ആഷ്ലീഗ് ഗാര്‍ഡ്നറും ഇടക്കുപിരിഞ്ഞ ഓസീസ് നിരയില്‍ എലീസ പെറിയും ഫീബ് ലിച്ച്ഫീല്‍ഡും ചേര്‍ന്ന് രക്ഷാദൗത്യമാരംഭിച്ചത് കളിയുടെ ഗതി മാറ്റുമെന്ന് തോന്നിച്ചു.
പെറി 37 എടുത്തപ്പോള്‍ ലിച്ച്ഫീല്‍ഡിന്റെ സമ്ബാദ്യം 49 റണ്‍സായിരുന്നു. അതിനുശേഷം വന്നവരാരും കാര്യമായി സംഭാവനകളര്പ്പിക്കാനാവാതെ മടങ്ങിയതോടെ സന്ദര്‍ശകരുടെ സമ്ബാദ്യം 141ലൊതുങ്ങി. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുനല്‍കി നാലുപേരെ തിരിച്ചയച്ച ടിറ്റസ് സാധു ആയിരുന്നു ഇന്ത്യൻ ബൗളിങ് നിരയില്‍ ഏറ്റവും മാരകമായി പന്തെറിഞ്ഞത്. ശ്രേയങ്ക പാട്ടീലും ദീപ്തി ശര്‍മയും രണ്ടു വീതവും രേണുക, അമൻജോത് കൗര്‍ ഒന്നു വീതവും പേരെ മടക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയില്‍ അത്യാവേശകരമായാണ് സൃതി മന്ദാനയും ഷഫാലി വര്‍മയും ബാറ്റു വീശിയത്. എതിരാളികളെ നിര്‍ദയം തല്ലിയ ഇരുവരും അതിവേഗം സ്കോര്‍ ചലിപ്പിച്ചപ്പോള്‍ ഇന്ത്യക്ക് ലക്ഷ്യം എളുപ്പമായി. മന്ദാന 54 റണ്‍സെടുത്ത് മടങ്ങിയെങ്കിലും 64 റണ്‍സുമായി ഷഫാലി പുറത്താകാതെ നിന്നു. അടുത്തിടെ പൂര്‍ത്തിയായ ഏകദിന പരമ്പരയിൽ ഓസീസ് വനിതകള്‍ 3-0ന് ഇന്ത്യയെ ചുരുട്ടിക്കെട്ടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു