വാഷിങ്ടണ്‍: അമേരിക്കയിലെ മെഡ്ഫോര്‍ഡിലെ അസാന്റെ റോഗ് റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ പത്തോളം രോഗികള്‍ അണുബാധയേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. രോഗികള്‍ക്ക് അണുബാധയേല്‍ക്കാൻ കാരണം ഐവിക്ക് പകരം വാട്ടര്‍ ടാപ്പിലെ വെള്ളം കുത്തിവെച്ചതാണെന്നാണ് കണ്ടെത്തല്‍.സംഭവത്തിന് പിന്നില്‍ ആശുപത്രിയിലെ മുൻ ജീവനക്കാരനായ നഴ്സ് ആണെന്ന് പൊലീസ് കണ്ടെത്തി. അടുത്തിടെ ആശുപത്രിയില്‍ നിന്നും ഒരു നഴ്സ് ഐവി ബാഗുകള്‍ മോഷ്ടിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 10 ഓളം രോഗികളുടെ മരണത്തിന് പിന്നിലെ കാരണം പുറത്തായത്.
മോഷണ വിവരം പുറത്തറിയാതിരിക്കാൻ നഴ്സ് രോഗികള്‍ക്ക് അണുവിമുക്തമാക്കാത്ത വാട്ടര്‍ ടാപ്പിലെ വെള്ളം മരുന്നിന് പകരം കുത്തിവെച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2022 മുതല്‍ നഴ്സ് ഐവി ബാഗുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളുടെ മരണവുമായി ബന്ധപ്പെട്ട് മരിച്ച വ്യക്തികളുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്സ് ഐവി ബാഗുകള്‍ മോഷ്ടിച്ച് മറിച്ചുവിറ്റ വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഐവി ബാഗില്‍ മരുന്നിന് പകരം പച്ചവെള്ളമാണെന്നും ഈ വെള്ളത്തില്‍ അണുബാധയുണ്ടായിരുന്നുവെന്നതും കണ്ടെത്തുന്നത്. അതേസമയം മരുന്നില്‍ കൃത്രിമത്വം നടന്നോ എന്നതും മെഡ്ഫോര്‍ഡ് പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് അസാന്റെ റോഗ് റീജിയണല്‍ മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ പറയുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ വിവരം പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ അണുബാധയേറ്റ് മരിക്കാൻ കാരണം വ്യക്തമായിരുന്നില്ല. രോഗികളുടെ മരണം അങ്ങേയറ്റം വിഷമമുണ്ടാക്കുന്നതാണ്. ഒരു വീഴ്ചയും സംഭവിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയില്‍ വരുത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ ഇതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. മോഷണക്കേസിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പറഞ്ഞ് വിട്ട നഴ്സിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു