മുടി കൊഴിഞ്ഞ് പോകുന്നത് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ്. വളരാത്തതിനേക്കാള്‍ ഉള്ള മുടി കൊഴിയുന്നതാണ് പലരേയും അലട്ടുന്ന പ്രശ്നം. കൃത്രിമവഴികള്‍ മുടിയുടെ കാര്യത്തില്‍ ഗുണം ചെയ്യില്ല. മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ചില അടുക്കളക്കൂട്ടുകളുണ്ട്. ഇവ കലര്‍ത്തി ഉപയോഗിയ്ക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. ഇതെക്കുറിച്ചറിയാം.
ഉലുവ
മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവയും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം. ഉലുവ ചുവന്ന നിറമാകുന്നത് വരെ വെളിച്ചെണ്ണയിൽ ചൂടാക്കണം. ഈ ഓയിൽ ചെറു ചൂടോടെ തന്നെ തലയിൽ നന്നായി മസ്സാജ് ചെയ്യുക. ഇത് മുടി കൊഴിച്ചിലിനെ തടയും എന്ന് മാത്രമല്ല മുടി നല്ല രീതിയില്‍ വളരാനും
ആരോഗ്യമുള്ളതാക്കിത്തീർക്കാനും സഹായിക്കും
കറിവേപ്പില
അടുക്കളയില്‍ കറികള്‍ക്ക് സ്വാദും മണവും നല്കാന് മാത്രമല്ല തലമുടിയുടെ ആരോഗ്യത്തിനും കറിവേപ്പിലയ്ക്ക് വലിയൊരു പങ്കുണ്ട്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുന്നവരുണ്ട്. ഇത് അല്ലാതെ പാക്ക് ആയിട്ടും കറിവേപ്പില ഉപയോഗിക്കാം. രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂണ്‍ തൈരില്‍ മിക്സ് ചെയ്ത് തലയില്‍ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. നരച്ച മുടിയ്ക്ക് കറിവേപ്പില ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
തേങ്ങാപ്പാൽ
മുടികൊഴിച്ചിൽ അകറ്റാനും തലയിലെ താരൻ മാറാനും ഏറ്റവും നല്ലൊരു പ്രതിധികളിൽ ഒന്നാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലിൽ പൂരിത ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി, സി, ഇ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. അരക്കപ്പ് തേങ്ങാപ്പാൽ എടുത്ത് ചെറുതായി ചൂടാക്കുക. ശേഷം 20 മിനിറ്റ് തലയിൽ മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാവുന്നതാണ്. മുടികൊഴിച്ചിൽ കുറയാൻ ഇത് സഹായിക്കുന്നു.
സവാളനീര്, ഉള്ളി
മുടി കൊഴിച്ചില്‍ തടയാന്‍ പലരും പറയുന്ന ഒരു പരിഹാര മാര്‍ഗമാണ് സവാളനീര്, ഉള്ളിനീര് എന്നിവ. ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് ഉള്ളി നീര് ഉപയോഗിക്കാവുന്നതാണ്. ഒരു ഉള്ളിയുടെ നീര്, അര് ടീസ്പൂണ്‍ നാരങ്ങ നീര്, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ യോജിപ്പിച്ച് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിയ്ക്കാം. അര മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
തൈര്
തൈരിൽ ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ വളരെ അധികം സഹായിക്കുന്നുണ്ട്. മാത്രമല്ല തൈര് നല്ലൊരു കണ്ടീഷ്ണർ കൂടിയാണ്. അത് കൊണ്ട് തന്നെ മുടിയുടെ മൃദുത്വത്തിനും തൈര് തേക്കുന്നത് നല്ലതാണ്. അരക്കപ്പ് തൈരിൽ നാരങ്ങ ചെറുതായി പിഴിഞ്ഞൊഴിച്ച് മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. കുറച്ച് സമയം ഒരു ടവ്വൽ ഉപയോഗിച്ച് പൊതിഞ്ഞു വെക്കുക. പതിനഞ്ചു മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.