കൊല്ലം∙ സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനം 73 ഇനങ്ങളിൽ മത്സരം പൂർത്തിയാകുമ്പോൾ 267 പോയിന്റുമായി കണ്ണൂർ മുന്നിൽ. 261 പോയിന്റു നേടി തൃശൂർ തൊട്ടുപിന്നിലുണ്ട്. 260 പോയിന്റു വീതം നേടി കൊല്ലവും കോഴിക്കോടും മൂന്നാമതുണ്ട്.
രണ്ടാം ദിനം ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടം, നാടകം, ഭരതനാട്യം, ദഫ്മുട്ട്, കേരള നടനം, കഥകളി, നാടൻപാട്ട്, ഹൈസ്കൂൾ വിഭാഗം ഒപ്പന, നാടോടിനൃത്തം, തിരുവാതിര, പൂരക്കളി, കുച്ചിപ്പുഡി, മാർഗംകളി, തുള്ളൽ, യക്ഷഗാനം തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറുന്നത്.
ഇന്ന് 59 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. നാടകം ഉൾപ്പെടെ ചില ഇനങ്ങൾ രാത്രി വൈകിയും തുടരും.
ആദ്യദിനം പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഉൾപ്പെടെ ചില മത്സരങ്ങൾ പുലർച്ചയോടെയാണ് പൂർത്തിയായത്.
രാത്രി പെയ്ത മഴയിൽ ആശ്രാമം മൈതാനം വെള്ളക്കെട്ടിലായി. ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്ത മത്സരത്തിനിടെ കാണികൾ ഇരിക്കുന്ന സ്ഥലത്തും വേദിയിലേക്കു പ്രവേശിക്കുന്നിടത്തും പാർക്കിങ്ങിലും വെള്ളം നിറഞ്ഞതോടെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായം തേടേണ്ടിവന്നു.
കേവലം 10 മിനിറ്റിൽ താഴെ പെയ്ത മഴയിലാണ് പ്രധാന വേദി കുളമായി മാറിയത്. അപ്പീൽ ഉൾപ്പെടെ 32 ടീമുകൾ മത്സരത്തിനുണ്ടായിരുന്നു.