തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം നല്കുന്ന നേര്‍പാതി അവകാശം ഇന്ത്യാക്കാര്‍ക്ക് ഇന്നും അന്യമെന്ന് കേരള വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് ”സ്ത്രീ ശാക്തീകരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും” എന്ന വിഷയത്തില്‍ വനിതാ കമ്മിഷന് നടത്തിയ ജില്ലാ സെമിനാര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അധ്യക്ഷ.
മൂന്നിലൊന്ന് സംവരണം ഒരു ഔദാര്യം എന്നവണ്ണം പാസാക്കിയ കേന്ദ്ര സര്‍ക്കാരിന് അത് പെട്ടെന്ന് നടപ്പിലാക്കാന്‍ ഉദ്ദേശമില്ലെന്നും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു. സെമിനാറിനോട് അനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററും വനിതാ കമ്മിഷന് അധ്യക്ഷ ഉദ്ഘാടനം ചെയ്തു
.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. സുനിത, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. ജലീല്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.ആര്. സലൂജ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. ബിനു, ആര്. സുഭാഷ്, അന്‍സജിതാ റസല്‍, ഭഗത് റൂഫസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ഷാജി ബോണ്‍സ്ലേ എന്നിവര്‍ സംസാരിച്ചു.
സ്ത്രീ ശാക്തീകരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയം വനിതാ കമ്മിഷന് റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന അവതരിപ്പിച്ചു.