ലോകത്തെ ഏറ്റവും വലിയ സിനിമാപുരസ്കാരങ്ങളിൽ ഒന്നായാണ് ഓസ്കാറിനെ കണക്കാക്കപ്പെടുന്നത്. സിനിമാപ്രവർത്തകരെ സംബന്ധിച്ച് ഇത്രയേറെ മൂല്യമുള്ള ഓസ്കാർ ഹോളിവുഡ് നടി കേറ്റ് വിൻസ്ലെറ്റ് എവിടെയാണ് സൂക്ഷിച്ചുവച്ചിരിക്കുന്നത് എന്നത് ആരിലും കൗതുകമുണർത്തും.
താൻ തന്റെ ബാത്റൂമിലാണ് ഓസ്കാർ സൂക്ഷിച്ചുവച്ചിരിക്കുന്നത് എന്നാണ് ഒരു ചാറ്റ് ഷോയ്ക്കിടയിൽ കേറ്റ് വെളിപ്പെടുത്തിയത്.
ആറ് തവണ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് ശേഷം, 2009ൽ ‘ദി റീഡർ’ എന്ന ചിത്രത്തിലൂടെയാണ് കേറ്റ് മികച്ച നടിക്കുള്ള ഓസ്കാർ നേടിയത്.
അവാർഡ് എവിടെ സൂക്ഷിക്കും എന്ന കാര്യം ഏറെ നേരം ആലോചിച്ച ശേഷമാണ് ബാത്ത് റൂമാണ് അതിനു പറ്റിയ മികച്ച സ്ഥലമെന്ന് താൻ മനസ്സിലാക്കിയതെന്നാണ് കേറ്റ് പറയുന്നത്.
എന്തുകൊണ്ടാണ് ഓസ്കാർ ടോയ്ലറ്റിൽ സൂക്ഷിക്കാൻ തീരുമാനിച്ചതെന്നും ഓസ്കാർ ജേതാവ് എമ്മ തോംസണിൽ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്നും കേറ്റ് വിൻസ്ലെറ്റ് വെളിപ്പെടുത്തി.
” വളരെ ചെറുപ്പമായിരുന്നപ്പോൾ, ഓസ്കാർ ലഭിക്കുന്നതിനും മുൻപ് എമ്മ തോംസണിന്റെ വീട്ടിൽ പോയത് ഞാൻ ഓർക്കുന്നു. അവരുടെ ഓസ്കാർ ബാത്ത്റൂമിന്റെ പുറകിലായിരുന്നു സൂക്ഷിച്ചിരുന്നത്, ഞാൻ അത് എടുത്തു, വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ ഓസ്കാർ പ്രസംഗം നടത്തുകയായിരുന്നു.
എനിക്കത് വിശ്വസിക്കാനായില്ല. നിങ്ങളുടെ സ്വപ്നങ്ങൾ ഒരിക്കലും കൈവിടരുത്,” വിൻസ്ലെറ്റ് പറയുന്നു.
തന്റെ അതിഥികൾക്ക് ഓസ്കാറിനൊപ്പം സ്വകാര്യമായി അൽപ്പം സമയം ചെലവഴിക്കാനും വേണമെങ്കിൽ ഓസ്കാർ അവാർഡ് കയ്യിലെടുത്ത് ലജ്ജ കൂടാതെ ഒരു നന്ദിപ്രസംഗം നടത്താനുമൊക്കെ ഇത് അവസരം നൽകുമെന്നാണ് കേറ്റ് പറയുന്നത്.