കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 എന്ന വര്‍ഷവും പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിച്ച ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്ക്കരിച്ചിരുന്നത്.
30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസില്‍ 200 കോടി സ്വന്തമാക്കി, പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു.
മികച്ച രാജ്യാന്തര സിനിമാവിഭാഗത്തില്‍ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു 2018. ചുരുക്കപ്പട്ടികയില്‍ ഇടം നേടിയില്ലെങ്കിലും അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട്സ് ആന്റ് സയന്‍സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ മേക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.
സംവിധായകന് ജൂഡ് ആന്റണി, നിര്‍മാതാവ് വേണു കുന്നമ്പിള്ളി, പ്രൊഡക്ഷന്‍ ഡിസൈനര്‍ മോഹന്‍ദാസ്, ഛായാഗ്രാഹകന്‍ അഖില്‍ ജോര്‍ജ്, എഡിറ്റര്‍ ചമന്‍ ചാക്കോ എന്നിവരാണ് വീഡിയോയില്‍ അതിഥികളായെത്തിയിരിക്കുന്നത്.
2018 എന്ന സിനിമ ചെയ്യാന്‍ തനിക്ക് പ്രചോദനമായത് സ്വന്തം അനുഭവങ്ങള്‍ തന്നെയാണെന്ന് ജൂഡ് പറയുന്നു. ഈ സിനിമയില്‍ ജോലി ചെയ്ത മിക്കവരും വെള്ളപ്പൊക്കത്തിന്റെ ഇരകളായിരുന്നു. വെള്ളം ഇറങ്ങിയതിന് ശേഷം വീട്ടിലേക്ക് കയറി അവിടെ മുഴുവന്‍ വൃത്തിയാക്കുമ്പോള്‍ നിരാശയായിരുന്നു.
ഇനിയൊരു ജീവിതമില്ലെന്നാണ് കരുതിയത്. വെള്ളപ്പൊക്ക സമയത്തെ പത്രങ്ങള്‍ സംഘടിപ്പിച്ച് വായിച്ചപ്പോഴും ആ സമയത്തെ വീഡിയോകള്‍ കണ്ടപ്പോഴും ഇതൊരു കൂട്ടായ്മയുടെ കഥയല്ലേ എന്ന് തോന്നി. ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, മനുഷ്യത്വം മാത്രം. അങ്ങനെയാണ് ഇതൊരു സിനിമയാക്കണമെന്ന് തോന്നിയതെന്ന് ജൂഡ് വ്യക്തമാക്കുന്നു.
വെള്ളപ്പൊക്കവും, കടല്‍ക്ഷോഭവും, എയര്‍ ലിഫ്റ്റും ഉള്‍പ്പടെ ചിത്രത്തിലെ സുപ്രധാന രംഗങ്ങള്‍ ചിത്രീകരിച്ച അനുഭവം വിഡിയോയില്‍ ജൂഡ് പങ്കുവയ്ക്കുന്നു. വൈക്കത്തെ 12 ഏക്കര്‍ വരുന്ന പുരയിടത്തില്‍ സെറ്റിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.
രണ്ടേക്കര്‍ സ്ഥലത്ത് പണിത വലിയ ടാങ്കിലായിരുന്നു വെള്ളപ്പൊക്കം ചിത്രീകരിച്ചത്. വെള്ളം കയറി വരുന്നത് ചിത്രീകരിക്കാന്‍ ടാങ്കിലേക്ക് കൂടുതല്‍ വെള്ളം കയറ്റി വിടാതെ വീടുകളുടെ ഉയരം കുറച്ചുകൊണ്ടാണ് ചിത്രീകരിച്ചതെന്ന് ജൂഡ് പറയുന്നു.
കടല്‍ക്ഷോഭവും തിരമാലകളും സൃഷ്ടിക്കാന്‍ വലിയ യന്ത്രങ്ങളെയല്ല, മനുഷ്യരെയാണ് ആശ്രയിച്ചത്. പത്തും പതിനഞ്ചും ആളുകള്‍ ടാങ്കിലിറങ്ങി ബോട്ടില്‍ പ്രത്യേകം ബന്ധിപ്പിച്ചു ചേര്‍ത്ത കമ്പികള്‍ കുലുക്കിയാണ് ആ ഇഫക്ട് വരുത്തിയത്.
ആര്‍ട് ഡയറക്ടറും സംവിധാന സഹായികളുമെല്ലാം അതിനായി വെള്ളത്തിലിറങ്ങി. കൂറ്റന്‍ തിരകളുണ്ടാക്കാന്‍ ജെ.സി.ബി ഉപയോഗിച്ചു.