മിഷന്‍ 1000 പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 250 എംഎസ്എംഇകള്‍ കൂടി ഉള്‍പ്പെടുത്തും: മന്ത്രി രാജീവ്

തിരുവനന്തപുരം: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയര്‍ത്തുന്നതിനായുള്ള മിഷന്‍ 1000 പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഈ വര്‍ഷം 250 എംഎസ്എംഇകളെ കൂടി തെരഞ്ഞെടുക്കുമെന്ന് നിയമ വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.

ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട 88 എംഎസ്എംഇകള്‍ക്ക് പുറമേയാണിതെന്നും മന്ത്രി പറഞ്ഞു. മിഷന്‍ 1000 പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎസ്എംഇകളുടെ ആദ്യ ബാച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മിഷന്‍ 1000 പദ്ധതിയിലേക്ക് ഈ വര്‍ഷം ഒരു തവണ കൂടി അപേക്ഷിക്കാന്‍ സംരംഭകര്‍ക്ക് അവസരമുണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. 2022 ഏപ്രില്‍ മുതല്‍ 2023 ഡിസംബര്‍ വരെ രണ്ട് ലക്ഷം പുതിയ വ്യവസായ സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. ഇതില്‍ 62000 വനിതാ സംരംഭങ്ങളാണ്.

ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു സംരംഭം എന്ന ലക്ഷ്യത്തിലുള്ള വ്യവസായ വകുപ്പിന്‍റെ പദ്ധതിക്ക് ഈ മാസം തുടക്കമാകും. കേരളത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള പദ്ധതികള്‍ക്കാണ് പുതിയ വ്യവസായിക നയം പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മിഷന്‍ 1000 പദ്ധതിയുടെ സബ്സിഡികള്‍ക്കായി അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

കേരളത്തിലെ എംഎസ്എംഇകളില്‍ നിന്നും തിരഞ്ഞെടുത്ത 1000 എംഎസ്എംഇകളെ നാല് വര്‍ഷത്തിനുള്ളില്‍ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ് മിഷന്‍ 1000 വിഭാവനം ചെയ്തിട്ടുള്ളത്.

2023 ല്‍ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 88 എംഎസ്എംഇകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇവയുടെ ബിസിനസ് വിപുലപ്പെടുത്തുന്നതിനുള്ള പിന്തുണ വ്യവസായ വകുപ്പ് നല്‍കും.

വ്യവസായ സംരംഭകര്‍ക്ക് അതുല്യമായ അവസരമാണ് മിഷന്‍ 1000 പദ്ധതിയെന്നും എംഎസ്എം ഇകള്‍ക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനം ഇതു നല്‍കുമെന്നും അധ്യക്ഷത വഹിച്ച ആന്‍റണി രാജു എംഎല്‍എ പറഞ്ഞു.

വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം ഓരോ ഘട്ടത്തിലും  നല്‍കുകയും അടുത്ത തലത്തിലേക്ക് നയിക്കുകയും ചെയ്യാന്‍ മിഷന്‍ 1000 പദ്ധതിയിലൂടെ സാധിക്കുമെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.

മിഷന്‍ 1000 പദ്ധതിയിലൂടെ നിലവിലുള്ള 88 എംഎസ്എംഇകള്‍ വിപുലീകരിക്കാന്‍ അവസരമൊരുക്കുന്നതിലൂടെ വ്യാവസായിക സംരംഭങ്ങള്‍ക്ക് മാതൃകാപരമായ പ്രോത്സാഹനമാണ് ലഭിക്കുന്നതെന്ന് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.

കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, എസ്എല്‍ബിസി കേരള കണ്‍വീനര്‍ എസ്. പ്രേംകുമാര്‍, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്‍റ് എ. നിസാറുദ്ദീന്‍, സിഐഐ കേരള മുന്‍ ചെയര്‍മാന്‍ പി. ഗണേഷ് എന്നിവരും സംസാരിച്ചു.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം മിഷന്‍ 1000 പദ്ധതി, പുതിയ വ്യവസായ നയം എന്നീ വിഷയങ്ങളില്‍ സംരംഭകര്‍ക്കായി അവതരണങ്ങളും നടന്നു.

മിഷന്‍ 1000 ന്‍റെ ഭാഗമായി വിപുലീകരിക്കുന്ന എംഎസ്എംകള്‍ ഉദ്യം രജിസ്ട്രേഷനോടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തവയും 2023 മാര്‍ച്ച് 31 നകം കുറഞ്ഞത് 3 വര്‍ഷമെങ്കിലും പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചവയും ആയിരിക്കണം. കൂടാതെ നിര്‍മാണ, സേവന മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവയും ആയിരിക്കണം.

തെരഞ്ഞെടുക്കപ്പെട്ട എംഎസ്എംഇ യൂണിറ്റുകള്‍ക്ക് മൂലധന നിക്ഷേപ സബ്സിഡി 40% വരെ (പരമാവധി 2 കോടി രൂപ) നല്‍കും. പ്രവര്‍ത്തന മൂലധന വായ്പകള്‍ക്ക് പലിശ നിരക്കിന്‍റെ 50% വരെ പലിശ ഇളവ് (50 ലക്ഷം രൂപ വരെ) ഉണ്ടായിരിക്കും.

യൂണിറ്റ് വിപുലീകരിക്കുന്നതിനുള്ള ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള സാമ്പത്തിക സഹായം ഒരു സംരംഭത്തിന് ഒരു ലക്ഷം രൂപ വരെയാണ്. യൂണിറ്റുകളെ സഹായിക്കാന്‍ വ്യവസായ വകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെയും നിയമിക്കും.

2023 ഏപ്രില്‍ 10 നാണ് എംഎസ്എംഇകള്‍ക്ക് അപേക്ഷിക്കാനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (https://mission1000.industry.kerala.gov.in)  ആരംഭിച്ചത്. 2023 ഒക്ടോബര്‍ 31 വരെ പോര്‍ട്ടലില്‍ 500 ലധികം അപേക്ഷകള്‍ ലഭിച്ചു. അതില്‍ 180 എണ്ണം ഡയറക്ടറേറ്റ് തലത്തിലാണ് ലഭിച്ചത്.

2023 ഡിസംബര്‍ 21 ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല അംഗീകാര കമ്മിറ്റി പരിശോധനകള്‍ക്കുശേഷം 152 അപേക്ഷകള്‍ മിഷന്‍ 1000 പദ്ധതിയുടെ ആദ്യബാച്ച് തെരഞ്ഞെടുക്കുവാനായി സമര്‍പ്പിച്ചു. ഈ അപേക്ഷകളില്‍ 60 മാര്‍ക്കിനു മുകളില്‍ ലഭിച്ച 88 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുകയും ഭാവി അപേക്ഷകള്‍ പരിഗണിക്കുന്നതിന് 60 എന്ന കട്ട് ഓഫ് സ്കോര്‍ നിശ്ചയിക്കുകയും ചെയ്തു.

തെരഞ്ഞെടുക്കപ്പെട്ട സംരംഭങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എംപാനല്‍ ചെയ്ത ഏതെങ്കിലും കണ്‍സള്‍ട്ടന്‍റിന്‍റെ സഹായത്തോടെ സ്കെയില്‍ അപ്പ് ഡി.പി.ആര്‍ തയ്യാറാക്കണം. ഈ ഡി.പി.ആറിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.
 

Latest News