6 പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലത്തിന് ആതിഥേയരാകാന്‍ അവസരം ലഭിക്കുന്നത്. 24 വേദികളാണ് കൊല്ലം നഗരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യദിവസം 23 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.ഇത്തവണ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍ 14,000 പ്രതിഭകള്‍ വേദികളിലെത്തുമെന്നാണ് കണക്ക്. 31 സ്കൂളുകളുകളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. read also സ്കൂൾ കലോത്സവം 2024: ഒഎൻവി സ്മൃതി മുതൽ ഒ മാധവൻ സ്മൃതി വരെ, 24 വേദികൾ അറിയാം
എട്ടിന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആര്.അനില്‍ സുവനീര്‍ പ്രകാശനം ചെയ്യും. മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി സമ്മാനദാനച്ചടങ്ങില്‍ പങ്കെടുക്കും.കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി.
അതേസമയം കലോത്സവത്തില്‍ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനന് നമ്പൂതിരിക്ക് തന്നെയാണ്. കഴിഞ്ഞ തവണത്തെ നോണ്‍വെജ് വിവാദത്തെ തുടര്‍ന്ന് കലാമേളയില്‍ ഇനി ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം പറഞ്ഞിരുന്നു. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെന്‍ഡറില്‍ പഴയിടം പങ്കെടുത്തത്. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്നും പഴയിടം മോഹനന് നമ്പൂതിരി പറഞ്ഞു.
കലോത്സവ ഭക്ഷണത്തില്‍ നോണ്‍ വെജ് വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ തവണ മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി അറിയിച്ചത്. വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നുമാണ് പഴയിടം മോഹനന് നമ്പൂതിരി അന്ന് പറഞ്ഞത്. എന്നാല്‍, ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായതോടെയാണ് പഴയിടം വീണ്ടും കലോത്സവത്തിലേക്ക് തിരികെ എത്തിയത്.
ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നാണ് മന്ത്രി ശിവന്‍കുട്ടി വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണയും സസ്യാഹാരം മാത്രം നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. വോളണ്ടിയര്‍മാരും ട്രെയിനിങ് ടീച്ചര്‍മാരും ഉള്‍പ്പടെയുള്ളവര്‍ ഭക്ഷണപ്പന്തലില്‍ ഭക്ഷണം വിളമ്പുമെന്നും അറിയിച്ചിരുന്നു. അനുഭവപരിചയമുള്ള അധ്യാപകര്‍ ഒപ്പമുണ്ടാകണം. അക്രെഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമാവും കലോത്സവ വേദിയിലേക്ക് പ്രവേശനം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ പ്രത്യേക ഇരിപ്പിടം സജ്ജമാക്കും. മത്സരവേദിയ്ക്ക് മുന്നില്‍ നവമാധ്യമ പ്രവര്‍ത്തകര്‍ കൂടിനിന്ന് മത്സരാര്‍ഥികള്‍ക്ക് ശല്യമാകുന്ന അവസ്ഥ ഒഴിവാക്കാനാണിത്. മാധ്യമ പ്രവര്‍ത്തകരെ ഗ്രീന്‍ റൂമിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.