വളാഞ്ചേരി ∙ എംഇഎസ് സെൻട്രൽ സ്കൂളിൽ മൾട്ടി ഹെൽത് ഫിറ്റ്നസ് സെന്റർ പ്രവർത്തനം തുടങ്ങി. പഠനത്തോടൊപ്പം വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ്നസ് സെന്ററിനു തുടക്കമിട്ടത്.
ഫുൾ ബോഡി വർക്കൗട്ട്, ഫിറ്റ്നസ് ട്രെയിനിങ്, മസിൽ ബിൽഡിങ് എന്നിവയ്ക്ക് പ്രയോജനപ്പെടുന്ന തരത്തിൽ 1000 ചതുരശ്ര അടി വിസ്തൃതിയിൽ പ്രവർത്തിക്കുന്ന മൾട്ടി ഫിറ്റ്നസ് സെന്ററിന് 9 ലക്ഷം രൂപയാണ് ചെലവ്. രാവിലെ 7 മുതൽ 8 വരെയും വൈകിട്ടു 4 മുതൽ 6 വരെയും വിദ്യാർഥികൾക്ക് ഇവിടെ വ്യായാമം നടത്താം.
ഒരേസമയം 25 പേർക്ക് പരിശീലനം നടത്താവുന്ന സൗകര്യമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത ദിവസങ്ങളിലായാണ് പരിശീലനം. ഫിറ്റ്നസ് സെന്ററിൽ എം.പി. ഷഫീഖ്, പി.പി.സഫ്വാൻ, അഞ്ജലി സന്തോഷ്, എം.കെ.അഖിൽ എന്നിവരാണ് പരിശീലകർ.