ദോഹ: ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാതിപത്യ റിപ്പബ്ലിക്ക് എന്ന ആശയം ഉറപ്പാക്കാൻ ജാതി സെൻസസ് നടത്തണമെന്ന് കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് ആവശ്യപ്പെട്ടു. കേരളത്തിൽ ജാതി സെൻസ് നടത്തണമെന്നും പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ അർദ്ധസർക്കാർ സ്ഥാപങ്ങളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സദസ്സിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
രാജ്യത്ത് ഒരു ശതമാനം ആളുകളാണ് സമ്പത്തിന്റെ നാൽപത് ശതമാനം കൈവശം വെച്ചിരിക്കുന്നത്. ചെറിയ ശതമാനം ജനതയാണ് ജോലിയുടെ അറുപത് ശതമാനവും കൈവശം വെച്ചിരിക്കുന്നത്. ജാതി യാഥാർത്ഥ്യങ്ങളെ പരിഗണിക്കാതെ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ വിലയിരുത്താനാകില്ലെന്നും ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെന്നത് എല്ലാ വിഭാഗങ്ങള്‍ക്കും എല്ലാ മേഖലയിലും തുല്യ പരിഗണന ലഭിക്കുന്നതാണെന്നും ഐക്യദാര്‍ഢ്യ സദസ്സ് അഭിപ്രായപ്പെട്ടു .
രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നത്തിന്റെ കാരണങ്ങൾ മനസ്സിലാക്കുന്നതിനും അതിന്റെ പരിഹാരത്തിനായുള്ള വഴികൾ തിരിച്ചറിയാനും വ്യത്യസ്ത ജാതികളിലെ ആളുകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ സഹായകമാവും.
ഇപ്പോൾ രാജ്യത്തു നടക്കുന്നത് സാമ്പിൾ സർവ്വേകളാണ്. അധികാരവും വിഭവങ്ങളും ആരുടെ കൈകളിലാണെന്ന് തിരിച്ചറിയാനും അതിന്റെ നീതിയുക്തമായ പങ്കുവെപ്പിനും ജാതി സെൻസ് മാത്രമാണ് പരിഹാരമെന്നും കേരളത്തിലെ എയ്ഡഡ് മേഖല നിയമങ്ങൾ പിഎസ്സിക്ക് വിടണമെന്നും, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കണമെന്നും ഐക്യദാര്‍ഢ്യ സദസ്സിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു .
ജാതി സെന്‍സസ് കേരളത്തില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണക്കണമെന്നും സദസ്സ് ആവശ്യപ്പെട്ടു .
ഐക്യദാര്‍ഢ്യ സദസ്സ് കൾച്ചറൽ ഫോറം പ്രസിഡണ്ട് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ മുഖ്യ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ഓൺലൈനിലൂടെ സദസ്സിനെ അഭിസംബോധനം ചെയ്തു .
ആര്‍ട്ടിസ്റ്റ് ബാസിത് ഖാന്റെ തത്സമയ പെയ്ന്റിംഗ്, രജീഷ് കരിന്തലക്കൂട്ടം, അക്ബര്‍ ചാവക്കാട്, കൃഷണന്, അനീസ് എടവണ്ണ തുടങ്ങിയവരുടെ ഐക്യദാര്‍ഢ്യ ഗാനങ്ങള്‍ എന്നിവ അരങ്ങേറി. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് അനീസ് മാള സ്വാഗതവും ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.