പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. പുതുതായി കരാർ എടുത്ത കമ്പനികൾ ഇന്ന് കൂടുതൽ ടിന്നുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
ശബരിമലയിൽ അരവണ ടിന്നുകൾ എത്തിയ്ക്കാൻ ടിന്നൊന്നിന് 6.47 രൂപ നിരക്കിൽ രണ്ട് കമ്പനികളാണ് കരാർ എടുത്തത്. പ്രതിദിനം ഒന്നരലക്ഷം ടിന്നുകൾ എത്തിക്കണമെന്നായിരുന്നു കരാർ. ഇതിൽ ആദ്യ കരാറുകാരൻ വീഴ്ച വരുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
രണ്ടാമത്തെ കരാറുകാരൻ മാത്രമാണ് ഇപ്പോൾ ടിന്നുകൾ എത്തിക്കുന്നത്. ഇതോടെ രണ്ട് ദിവസം മുൻപ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് അഞ്ച് അരവണ വീതമാണ് ഇപ്പോൾ നൽകുന്നത്. പ്രശ്നം പരിഹരിക്കാൻ രണ്ട് കമ്പനികൾക്ക് കൂടി പുതുതായി കരാർ നൽകിയിട്ടുണ്ട്. ഈ കമ്പനികൾ ഇന്ന് കൂടുതൽ ടിന്നുകൾ എത്തിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
കഴിഞ്ഞയാഴ്ചയാണ് അരവണ നിർമിക്കാനുള്ള ശർക്കര ക്ഷാമം പരിഹരിച്ചത്. പ്രതിദിനം 2.5 മുതൽ 3 ലക്ഷം വരെ ടിൻ അരവണയാണ് ഒരു ദിവസം വില്പന നടക്കുന്നത്. പ്രതിസന്ധി വന്നതോടെ വില്പന പകുതിയായി.