തിരുവനന്തപുരം: രാജ്യത്തിന്‍റെ ജനാധിപത്യത്തിന്‍റെ നെടുംതൂണായ മതേതരത്വത്തെ അധികാരത്തിലിരിക്കുന്നവര്‍ നിന്ദ്യപദമായാണ് ഉപയോഗിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. സമൂഹത്തില്‍ ധ്രുവീകരണം വര്‍ധിക്കുന്നതിന് ഇതു കാരണമാകുന്നുവെന്ന് 2024 ലെ മനോരമ ഇയര്‍ബുക്കിലെഴുതിയ പ്രത്യേക ലേഖനത്തില്‍ അവര്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തോട് പ്രതിബദ്ധരാണെന്നു പറയുന്നവര്‍ അതിന്‍റെ സുഗമമായ നടത്തിപ്പിനായുള്ള എല്ലാ മാനദണ്ഡങ്ങളെയും ദുര്‍ബലപ്പെടുത്തുകയാണ്. സഹവര്‍ത്തിത്വത്തിനായുള്ള എല്ലാ പാതകളും കടുത്ത ധ്രുവീകരണത്തിനുവേണ്ടി ഉപയോഗിക്കുകയാണ്.
ജനാധിപത്യവും മതേതരത്വവും പരസ്പരം ആഴത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു റെയില്‍പാതപോലെ അത് സഹവര്‍ത്തിത്വമുള്ള സമൂഹത്തിലേക്കു സര്‍ക്കാരിനെ നയിക്കുകയാണ്. ദൈനംദിന ചര്‍ച്ചകളില്‍, പാഠപുസ്തകങ്ങളില്‍, ഭരണഘടനയുടെ ആമുഖത്തില്‍ പോലും ഈ വാക്കുകള്‍ നമുക്ക് സുപരിചിതമാണ്.
ഈ സുപരിചത്വത്തിലും ഈ വാക്കുകളുടെ ആഴത്തിലുള്ള അര്‍ഥം പലപ്പോഴും മനസ്സിലാകാതെ പോകുന്നു. രാജ്യത്തിന്‍റെ ചരിത്രം മനസ്സിലാക്കുന്നതിനും, വര്‍ത്തമാനകാലത്തെ വെല്ലുവിളികള്‍ നേരിടുന്നതിനും, ഭാവിക്കുവേണ്ടിയുള്ള തയാറെടുപ്പിന് ഈ വാക്കുകളുടെ അര്‍ഥം മനസ്സിലാക്കേണ്ടതാണ്.
മതേതരത്വത്തിന്‍റെ അര്‍ഥങ്ങള്‍ പല വിധത്തില്‍ വ്യാഖ്യാനിക്കാവുന്നതാണെങ്കിലും അതിനു വേണ്ടി ജീവന്‍ ത്യജിച്ച മഹാത്മാഗാന്ധിയുടെ സര്‍വ ധര്‍മ സമഭാവന എന്ന വാക്കുകളാണ് ഏറെ പ്രധാനം. എല്ലാ മതങ്ങളുടെയും ഐക്യമാണ് ഗാന്ധിജി സ്വാംശീകരിച്ചത്.
ഇന്ത്യയുടെ മതവൈവിധ്യം തിരിച്ചറിഞ്ഞാണ് ജവാഹര്‍ലാല്‍ നെഹ്റു ഇന്ത്യയെ മതേതര രാജ്യമാക്കി നിലനിര്‍ത്തിയത്. ഈ ആശയം ഉള്‍ക്കൊണ്ടാണ് ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കര്‍ മതേതര ജനാധിപത്യമാക്കി ഇന്ത്യയെ മാറ്റിയത്.
വൈവിധ്യമല്ല, വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സവിശേഷത. വിശ്വാസവും ആരാധനയും, ഭാഷയും സാംസ്കാരിക വൈവിധ്യവും. മേഖലകളും പ്രകൃതിയും, ചരിത്രവും പാരമ്പര്യവും എന്നിങ്ങനെ അത് പരസ്പരം ഇഴചേര്‍ന്നു കിടക്കുന്നു.
വൈവിധ്യം നമ്മുടെ ഐക്യത്തെയും ഐക്യദാര്‍ഢ്യത്തെയും ആഘോഷിക്കുമ്പോള്‍ നമ്മുടെ ഭരണഘടന ഇന്ന് ആക്രമണത്തിനിരയാകുകയാണ്.
ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. എന്നാല്‍, ഒരു ചെറിയ സമൂഹത്തിന്‍റെ മുറിവുകള്‍ക്ക് എന്താണ് സംഭവിക്കുന്നത്?
താല്‍കാലിക ഭൂരിപക്ഷം ഉപയോഗിച്ച് ദൂരവ്യാപക തീരുമാനങ്ങള്‍ എങ്ങനെയാണ് എടുക്കാനാകുക? ചെറിയൊരു വ്യത്യാസത്തില്‍ ഭൂരിപക്ഷം ലഭിച്ചുവെന്നിരിക്കെ യാതൊരു തടസ്സവുമില്ലാതെ അവര്‍ക്ക് യഥേഷ്ടം ഭരിക്കാന്‍ സാധിക്കുമോ
ന്യൂനപക്ഷമായതു കൊണ്ടു മാത്രം ഒരു ജനതയുടെ ഭാഷ, മതവിശ്വാസങ്ങള്‍, ജീവിതരീതി എന്നിവയ്ക്ക് വെല്ലുവിളി ഉയരുന്നത് സഹവര്‍ത്തിത്വത്തിനും സമാധാനത്തിനും ഭൂഷണമല്ല.
മറ്റു രാജ്യങ്ങളിലെ ജനാധിപത്യത്തിന്‍റെ കുറവുകള്‍ നമ്മുടെ സ്വാതന്ത്ര്യസമര നേതാക്കള്‍ മനസ്സിലാക്കിയിരുന്നു. അതിന്‍റെ ദൂഷ്യഫലങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് എഴുതപ്പെട്ടതും പൗരന്‍മാര്‍ക്ക് മൗലികാവകാശങ്ങളുള്ളതും മതേതരത്വത്തിന്‍റെ മൂല്യങ്ങളുള്ളതുമായ ഭരണഘടന വേണമെന്ന് നാം നിഷ്കര്‍ഷിച്ചതെന്നു സോണിയ ഗാന്ധി പറഞ്ഞു.