തിരുവനന്തപുരം: ബിഷപ്പുമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സജി ചെറിയാൻ പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ല. പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാണതെന്ന് എംവി ഗോവിന്ദൻ വിശദീകരിച്ചു.
പാർട്ടിക്ക് പറയാനുള്ളത് പാർട്ടി സെക്രട്ടറി പറയും. വിഷയത്തിൽ കേരള കോൺഗ്രസ് എം മാത്രം അഭിപ്രായം പറയേണ്ട കാര്യമില്ല. ഇടതുമുന്നണി അഭിപ്രായം പറയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ മേലധ്യക്ഷന്മാർ പങ്കെടുത്തതിനെയായിരുന്നു സജി ചെറിയാൻ വിമർശിച്ചത്. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയ കേക്ക് കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്റെ പരാമർശം.
സി.പി.എം. പുന്നപ്ര നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസായ ആർ. മുരളീധരൻ നായർ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ ആയിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാൻ ബിഷപ്പുമാരെ വിമർശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. എംഎം മണിയെ പോലെ മുഖ്യമന്ത്രി സജി ചെറിയാനെ അഴിച്ചു വിട്ടിരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.
സജി ചെറിയാനെതിരെ സഭ നേതൃത്വവും രംഗത്തെത്തിയിരുന്നു. ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നാണ് കെസിബിസി വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് മന്ത്രി ക്രൈസ്തവ സഭാ നേതൃത്വത്തെ അധിക്ഷേപിക്കുന്നതെന്ന് കത്തോലിക്കാ കോൺഗ്രസും കുറ്റപ്പെടുത്തി.