എല്ലാവരെയും പിടിച്ചു കുലുക്കിയ ഒരു മരണ വാര്‍ത്ത തന്നെയായിരുന്നു വിജയകാന്തിന്റേത്. പതിനഞ്ച് വര്‍ഷത്തോളമായി സിനിമയിലോ രാഷ്ട്രീയത്തിലോ ഒന്നും അത്രയ്ക്കധികം സജീവമല്ലാതിരുന്നിട്ട് പോലും വിജയകാന്തിന്റെ മരണ വാര്‍ത്ത അറിഞ്ഞ് ഇത്രയും ജനം കൂടുമെന്നോ സെലിബ്രിറ്റികള്‍ വരുമെന്നോ പ്രതീക്ഷിച്ചിരുന്നില്ലത്രെ. എന്നാല്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുന്‍നിര താരങ്ങള്‍ വരെ എത്തി
വിജയകാന്തിന്റെ മരണവിവരം അറിഞ്ഞ് ഇളയദളപതി വിജയ് പാഞ്ഞെത്തിയിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ, വിഷമിച്ച് വിജയ് എത്തിയ വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. എന്നാല്‍ വിജയ്ക്ക് കിട്ടിയ യാത്രയയപ്പ് അത്ര സുഖകരമായിരുന്നില്ല. വിജയകാന്തിന്റെ ആരാധകര്‍ ചെരുപ്പുകൊണ്ട് അടിച്ചാണ് വിജയിയെ തിരിച്ചുവിട്ടത്. അതിനും മാത്രം എന്ത് തെറ്റാണ് വിജയ് വിജയകാന്തിനോട് ചെയ്തത്?
വിജയ് അഭിനയത്തിലേക്ക് വന്ന സമയത്ത്, എങ്ങനെയെങ്കിലും മകന്റെ പേരില്‍ രണ്ട് ഹിറ്റുകള്‍ വേണം എന്നായിരുന്നു എസ് എ സിയുടെ ആഗ്രഹം. മകന്റെ സിനിമകള്‍ക്ക് സപ്പോര്‍ട്ട് ചെയ്യാനായി അന്നത്തെ പല പ്രമുഖരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. നിന്ന് തിരിയാന്‍ പോലും നേരമില്ലാത്ത തിരക്കുള്ള സ്റ്റാറായിരുന്നു വിജയകാന്ത്. എന്നിട്ടും തന്നെ വളര്‍ത്തിയ സംവിധായകന്റെ മകന് വേണ്ടി സമയം മാറ്റിവച്ച് വിജയാകാന്ത് വിളിക്കാതെ തന്നെ എത്തി.
എന്നാല്‍ പിന്നീട് വിജയകാന്തിന്റെ മകന് സിനിമയില്‍ തുടക്കം കുറിക്കുമ്പോഴേക്കും വിജയ് ഇളയദളപതിയായി വളര്‍ന്നു പന്തലിച്ചിരുന്നു. ഒരു ഗസ്റ്റ്റോള്‍ ചെയ്ത് മകനെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ട് വിജയ് അതിന് തയ്യാറായില്ല. ഒരു കാലത്ത് പ്രതിഫലം വാങ്ങാതെ വിജയകാന്ത് വിജയ് യുടെ സിനിമയില്‍ അഭിനയിച്ചിരുന്നു. അത് പോലും ഓര്‍ക്കാതെ വിജയ് നിരസിച്ചതില്‍ വിജയകാന്തിനും വിഷമം തോന്നി.
അത് മാത്രമല്ല, വിജയകാന്ത് അസുഖബാധിതനായി ചികിത്സയില്‍ കഴിയാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇതുവരെ അദ്ദേഹത്തിന്റെ സുഖവിവരം അന്വേഷിച്ച് വീട്ടിലേക്കോ ആശുപത്രിയിലേക്കോ വരികയോ, ഒരു ഫോണ്‍ സംഭാഷണം നടത്തുകയോ ചെയ്തില്ല. മരിച്ചപ്പോള്‍ ഇതുവരെ ഇല്ലാത്ത സ്നേഹ പ്രകടനം നടത്തി എത്തിയത് എന്തിനാണെന്ന് ചോദിച്ചാണ് വിജയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.