തിരുവനന്തപുരം: രണ്ടരവർഷത്തിന് ശേഷം രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ പേഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ സർക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫിൽ രാഷ്ട്രീയ നിയമനം ലഭിച്ച 27 പേർക്കും ഇനി ആജീവനാന്ത പെൻഷൻ കിട്ടും.
പുതിയ മന്ത്രിമാരുടെ സ്റ്റാഫിൽ പുതുതായി എത്തുന്ന സ്റ്റാഫുകളുടെ ബാധ്യത വേറെയും ഉണ്ടാകും. 3450 രൂപ മുതൽ ആറായിരം രൂപ വരെയാണ് പെൻഷൻ ലഭിക്കുക. പുറമെ ഡിഎ അടക്കം മറ്റ് ആനുകൂല്യങ്ങളും ഉണ്ട്.
ആൻറണി രാജുവിൻറെ സ്റ്റാഫിൽ ആകെയുണ്ടായിരുന്നത് 21 പേരായിരുന്നു. ഇതിൽ ഒരു അഡീഷനൽ സെക്രട്ടറിയും ഒരു ക്ലർക്കും സർക്കാർ സർവ്വീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ. ബാക്കി 19 ഉം രാഷ്ട്രീയ നിയമനം. 2 അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, നാലു അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനൽ പിഎ, ഒരു അസിസ്റ്റൻറ് , 4 ക്ലർക്ക്, ഓഫീസ് അസിസ്റ്റൻറ് 4 , രണ്ട് ഡ്രൈവര്‍മാരും ഒരു പാചകക്കാരനും വേറെ ഉണ്ടായിരുന്നു.
മന്ത്രിയായിരുന്ന അഹമ്മദ് ദേവർ കോവിലിൻറെ സ്റ്റാഫിൽ ഉണ്ടായിരുന്നത് 25 പേരായിരുന്നു. ഏഴ് പേർ സർക്കാർ സർവ്വീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ, ബാക്കി രാഷ്ട്രീയ നിയമനം. പ്രൈവറ്റ് സെക്രട്ടറി സർക്കാർ സർവ്വീസിലേക്ക് തിരിച്ചു പോകും.
അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ മൂന്ന് പേരിൽ രണ്ട് പേർ രാഷ്ട്രീയ നിയമനം, അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിമാർ 4, ഇതിൽ രണ്ട് പേർ രാഷ്ട്രീയനിയമനം. ഒരു പിഎ, ഒരു അഡീഷനൽ പിഎയും , 4 ക്ലർക്കുമാർ, 5 പ്യൂൺമാർ, ഡ്രൈവർമാർ രണ്ട്പേരും രാഷ്ട്രീയ നിയമനമായിരുന്നു. പാചകക്കാരനും രാഷ്ട്രീയനിയമനമായിരുന്നു.
മന്ത്രി ഓഫീസിൽ നിന്നും പടിയിറങ്ങിയാലും 15 ദിവസത്തെ സർക്കാർ ശമ്പളത്തിനു കൂടി പേഴ്സണൽ സ്റ്റാഫുകള്‍ക്ക് അർഹതയുണ്ട്. 2021 ലെ ഉത്തരവ് അനുസരിച്ച് രണ്ട് വർഷവും ഒരു ദിവസും പേഴ്സണൽ സ്റ്റാഫിൽ സേവനം പോലും മിനിമം പെൻഷൻ ഉണ്ട്.
മിനിമം പെൻഷൻ 3450 രൂപ. കുക്ക് മുതൽ അസി. പ്രൈവറ്റ് സെക്രട്ടറിവരെ രണ്ടര വർഷം കഴിഞ്ഞവർക്ക് ഈ പണം കിട്ടും. അഡീഷണൽ സെക്രട്ടറിക്ക് സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയുടെ റാങ്കാണ്. രണ്ടര വർഷത്തെ സേവനത്തിന് ശേഷം കിട്ടുക 5500 രൂപ പെൻഷൻ. പ്രൈവറ്റ് സെക്രട്ടറി ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലാണ്, പെൻഷൻ 6000 രൂപ വരെ. എല്ലാവർക്കും 7 ശതമാനം ഡിഎ കൂടി കിട്ടും.
ടെർമിനൽ സറണ്ടറായി രണ്ടര മാസത്തെ മുഴുവൻ ശമ്പളം വേറെയും ലഭിക്കും. ഗ്രാറ്റുവിറ്റിയും പെൻഷൻ കമ്മ്യൂട്ടേഷനും കൂടെയുണ്ട്. ശമ്പള പരിഷ്ക്കരണം വരുമ്പോൾ പിരിഞ്ഞുപോയവർക്കം കിട്ടും ആനുകൂല്യം. രണ്ടര വർഷം പിന്നിട്ടതോടെ മറ്റ് ചില മന്ത്രിമാരുടെ സ്റ്റാഫിൽ കൂടി മാറ്റത്തിന് ശ്രമം നടക്കുന്നുണ്ട്. പെൻഷൻ ഉറപ്പായവർക്ക് പകരം പാർട്ടിക്കാരെ നിയമിക്കാനാണ് നീക്കം.