ദുബായ്: ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മേഖലയിലെ മുൻനിര സംയോജിത ആരോഗ്യ, വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അമാനത് ഹോൾഡിംഗ്സ് പുതിയ ഡയറക്ടർ ബോർഡ് ചെയർമാനായി ഡോ.ഷംഷീർ വയലിലിനെ നിയമിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ തന്ത്രപരമായ നേതൃത്വം ലക്ഷ്യമിട്ടാണ് അമാനത് ഡയറക്ടർ ബോർഡ് തീരുമാനം.
ഹമദ് അബ്ദുല്ല അൽഷംസിക്ക് പകരമാണ് ഡോ. ഷംഷീർ ചെയർമാനാകുന്നത്. ആഗോള ആരോഗ്യ രംഗത്തും അമാനത്തിലുമുള്ള അനുഭവ സമ്പത്തും വൈദഗ്ധ്യവുമായാണ് അദ്ദേഹം ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2.5 ബില്യൺ ദിർഹത്തിന്റെ പെയ്ഡ്-അപ്പ് മൂലധനമുള്ള അമാനത്തിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ കൂടിയാണ് ഡോ. ഷംഷീർ.
ആരോഗ്യ രംഗത്തെ നേതൃപാടവത്തിലൂടെ, മേഖലയിലെ ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങളുടെ വികാസത്തിൽ ഡോ. ഷംഷീർ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീർ.
ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് മികച്ച നിക്ഷേപങ്ങളുള്ള അമാനത്തിന്റെ നേട്ടങ്ങൾ വിപുലീകരിക്കാനും വിപണികളിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനുമാകും മുൻഗണനയെന്ന് ഡോ. ഷംഷീർ പറഞ്ഞു. കമ്പനിയുടെ തന്ത്രപ്രധാന പ്രവർത്തനങ്ങൾക്കും ഓഹരി ഉടമകൾക്ക് കൂടുതൽ മൂല്യം സൃഷ്ടിക്കുന്നതിനും ചെയർമാനെന്ന നിലയിൽ അദ്ദേഹം നേതൃത്വം നൽകും.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കമ്പനികൾ സ്ഥാപിക്കുകയും ഏറ്റെടുക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്ന അമാനത്തിന് മീന മേഖലയിൽ വൻ സ്വാധീനമാണുള്ളത്.
യുഎഇയിലെ കേംബ്രിഡ്ജ് മെഡിക്കൽ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ, സൗദി ജിദ്ദയിലെ സുകൂൺ, അൽ-മലാക്കി സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ, പ്രമുഖ ഉന്നത വിദ്യാഭ്യാസ ദാതാക്കളായ നെമ ഹോൾഡിംഗ്, മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായ് കാമ്പസ്, ദുബായിലുള്ള നോർത്ത് ലണ്ടൻ കൊളീജിയറ്റ് സ്കൂളിന്റെ റിയൽ എസ്റ്റേറ്റ് ആസ്തികൾ എന്നിവ കമ്പനിക്ക് കീഴിലാണ്.