ബെംഗളൂരു ∙ പുതുവത്സരാഘോഷ പാർട്ടികളിൽ വിതരണം ചെയ്യാനെത്തിച്ച 33 ലക്ഷം രൂപ വിലയുള്ള ലഹരിമരുന്നുമായി 3 മലയാളികൾ ഉൾപ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവില മൂന്നിടങ്ങളിൾ നടത്തിയ തിരച്ചിലിലാണ് പ്രതികൾ അറസ്റ്റിലായത്. 3.1 കിലോഗ്രാം കഞ്ചാവും 20 ഗ്രാം എംഡിഎംഎയുമായി മലയാളി ഹിരൺ (25) അറസ്റ്റിലായി. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വാടക വീട്ടിൽ പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു.
മറ്റൊരു കേസിൽ മലയാളികളായ ശ്രേയസ് (24), രാഹുൽ (25) എന്നിവരും ലഹരിമരുന്നുമായി പിടിയിലായി. ഇരുവരും കേരളം ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ നിന്നു ലഹരിമരുന്ന് ബെംഗളൂരുവിൽ എത്തിച്ച് വിൽപന നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആടുഗോഡിയിൽ നിന്നും സേലം സ്വദേശികളായ ലിംഗേഷ് നാരായൺ (23), സൂരജ് (24), ഷാരുഖ് ഖാൻ (27) എന്നിവരും ലഹരിമരുന്നുമായി പിടിയിലായി.
ക്രിസ്മസ്–പുതുവത്സരാഘോഷ പശ്ചാത്തലത്തിൽ നഗരത്തിലെ ലഹരിമരുന്ന് സംഘങ്ങളെ പിടികൂടാൻ പൊലീസ് തിരച്ചിൽ കർശനമാക്കിയിരുന്നു. ഡിസംബർ 12ന് 21 കോടി രൂപയുടെ ലഹരിമരുന്നുമായി നൈജീരിയൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുതുവത്സരാഘോഷങ്ങളിലെ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ രക്ത പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.