ഷൊർണൂർ: പുതുവർഷത്തോടെ കേരളത്തിലേക്കു കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ എത്തിയേക്കും. ഇതിനായി തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ വൈദ്യുതി ലൈനിലെ ന്യൂട്രൽ സംവിധാനം പരിഷ്കരിക്കാൻ നടപടി തുടങ്ങി.
പാലക്കാട് ഡിവിഷനിൽ 9 മാസംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന 53.12 കോടി രൂപയുടെ പദ്ധതിക്കായി ടെൻഡർ വിളിച്ചുകഴിഞ്ഞു.
നിലവിലുള്ള വൈദ്യുതി ലൈനുകളിൽ വൈദ്യുതി ന്യൂട്രൽ മേഖലകളുണ്ട്. സുരക്ഷയുടെ ഭാഗമായാണ് ഇത്തരമൊരു സംവിധാനം. സാധാരണ ട്രെയിനുകളുടെ എൻജിനു മാത്രമാണ് വൈദ്യുതി ലൈനുമായി ബന്ധമുണ്ടാവുക.
അതേസമയം വന്ദേഭാരതിന്റെ 16 കാറുകളും (കോച്ച്) വൈദ്യുതി ലൈനുമായി ബന്ധമുള്ളതാണ്. അതിനാൽ വന്ദേഭാരത് ട്രെയിൻ ന്യൂട്രൽ മേഖലയിലേക്കു പ്രവേശിച്ചാൽ നിന്നു പോകുന്ന അവസ്ഥ വരും. ന്യൂട്രൽ ലൈൻ സംവിധാനം പരിഷ്കരിച്ചാൽ മാത്രമേ വന്ദേഭാരതിനു സുഗമമായി യാത്ര നടത്താനാകൂ.