ന്യൂഡൽഹി∙ മൂന്നു വർഷത്തിനിടെ ക്രിമിനൽ കേസുകളിൽ ഡൽഹിയിൽ പിടിയിലായത് 417 കുട്ടിക്കുറ്റവാളികൾ. ഇതിൽ 121 പേർക്കെതിരെ കൊലപാതകത്തിനും 112 പേർക്കെതിരെ പീഡനത്തിനുമാണ് കേസ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. സൗത്ത്, സെൻട്രൽ, ശാഹ്ദ്ര എന്നീ പൊലീസ് ജില്ലകൾ, മെട്രോ– റെയിൽവേ പൊലീസ് യൂണിറ്റുകൾ എന്നിവ ചേർന്നുള്ള കണക്കാണിത്. കൊലപാതകം, പീഡനം എന്നിവയ്ക്കു പുറമേ 184 പേർക്കെതിരെ കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. 2021 മുതൽ 2023വരെയുള്ള കണക്കാണ് പുറത്തുവിട്ടത്.
കൊലപാതക കേസുകളിൽ സൗത്ത് ജില്ലാ പൊലീസ് 58, സെൻട്രൽ ജില്ലാ പൊലീസ് 28, ശാഹ്ദ്ര ജില്ലാ പൊലീസ് 23 എന്നിങ്ങനെയാണ് അറസ്റ്റു രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളിൽ 12 കുട്ടികളെയാണ് റെയിൽവേ പൊലീസ് യൂണിറ്റ് കസ്റ്റഡിയിലെടുത്തത്
നവംബറിൽ ഈസ്റ്റ് ഡൽഹിയിലെ വെൽകം കോളനിയിൽ 16 വയസ്സുകാരൻ മദ്യലഹരിയിൽ യുവാവിനെ 55 പ്രാവശ്യം കുത്തിക്കൊലപ്പെടുത്തിയ സംഭവം നഗരത്തെ ഞെട്ടിച്ചിരുന്നു. സംഘം ചേർന്നും അല്ലാതെയും നടക്കുന്ന പല അക്രമങ്ങളിലും പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന സംഭവങ്ങൾ വർധിക്കുകയാണ്. 19 മെട്രോ നഗരങ്ങളിൽ കുട്ടിക്കുറ്റവാളികൾ ഏറെയുള്ളത് ഡൽഹിയിലാണെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു