ബെംഗളൂരു ∙ സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബോർഡുകളിൽ 60% വാക്കുകൾ കന്നഡയിൽ വേണമെന്നതു നിർബന്ധമാക്കി ഓർഡിനൻസ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. നിലവിൽ 50% കന്നഡ വാക്കുകൾ നിർബന്ധമാക്കുന്ന നിയമം ഭേദഗതി ചെയ്താണ് ഓർഡിനൻസ് പുറത്തിറക്കുക. ഫെബ്രുവരിയിലെ സമ്മേളനത്തിൽ ഓർഡിനൻസ് നിയമസഭയിൽ അവതരിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരുവിൽ കന്നഡയിലല്ലാത്ത ബോർഡുകൾ സ്ഥാപിച്ച വ്യാപാര സ്ഥാപനങ്ങൾക്കു നേരെ കന്നഡ അനുകൂല സംഘടനയായ കന്നഡ രക്ഷണ വേദികെ (കെആർവി) പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയാണ് നടപടി. നേരത്തേ ബെംഗളൂരു കോർപറേഷൻ (ബിബിഎംപി) വാണിജ്യ സ്ഥാപനങ്ങളുടെ ബോർഡുകളിലെ കന്നഡ വാക്ക് പരിധി 60 ശതമാനമായി ഉയർത്തി നിയമം കൊണ്ടുവന്നിരുന്നു. ഇതു നടപ്പിലാക്കാൻ കച്ചവടക്കാർക്കു ഫെബ്രുവരി വരെ സമയം അനുവദിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
കച്ചവടക്കാരുടെ പരാതിയിൽ കെആർവി സംസ്ഥാന പ്രസിഡന്റ് ടി.എ.നാരായണ സ്വാമി ഉൾപ്പെടെ അൻപതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പ്രതിഷേധം സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കന്നഡ അനുകൂല സംഘടനകൾ മുന്നറിയിപ്പ് നൽകി. കന്നഡ ഭാഷയെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ഇതിന്റെ പേരിൽ ആരും നിയമം കയ്യിലെടുക്കാൻ പാടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.