തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരള കഴക്കൂട്ടം സ്കിൽ പാർക്കിൽ നാലു ദിവസമായി നടത്തിയ വിന്റർക്യാമ്പിനു സമാപനമായി. ഭാവിതലമുറയ്ക്ക് സാങ്കേതിക പരിജ്ഞാനം നൽകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുത്തു.
വിവരസാങ്കേതിക വിദ്യയുടെ ആധുനിക മേഖലയായ റോബോട്ടിക്സിനെക്കുറിച്ചുള്ള ക്യാമ്പിൽ വിദ്യാർത്ഥികൾ കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെ കുഞ്ഞൻ റോബോട്ടുകളെ നിർമിച്ചു. വിദ്യാർത്ഥികൾക്കായി ഓഗ്മെന്റഡ് റിയാലിറ്റി (AR), വെര്‍ച്വല്‍ റിയാലിറ്റി (VR) എന്നിവയിൽ ക്ലാസുകളും ക്ലെ മോഡലിങ്, സോഫ്റ്റ് സ്കിൽ എന്നിവയിൽ പരിശീലനവും നൽകി.
“കുട്ടികളിൽ സാങ്കേതിക നൈപുണ്യശേഷി വളർത്തിയെടുത്ത് അവരുടെ ഭാവി കൂടുതൽ ഭദ്രമാക്കുന്നതിനുള്ള പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് അസാപ് കേരള വിന്റർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
പങ്കെടുത്ത വിദ്യാർത്ഥികളെല്ലാം വ്യത്യസ്തമായ കഴിവുള്ളവരാണ്. ഈ കഴിവുകളിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹനം നൽകാനും വിന്റർ ക്യാമ്പിലൂടെ സാധിച്ചു.” അസാപിന്റെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സെന്റർ മേധാവി രശ്മി പറഞ്ഞു.