പെരുമ്പാവൂർ: നൂറ്റാണ്ടുകൾക്കു മുമ്പ് കൂവപ്പടിയിൽ കുടിയേറിപ്പാർത്ത വാണിയ, വൈശ്യ സമൂഹത്തിന്റെ ആരാധനാമൂർത്തിയായി സങ്കല്പിച്ച് പിൽക്കാലത്ത് പ്രതിഷ്ഠചെയ്ത ക്ഷേത്രമാണ് മദ്രാസ് കവലയ്ക്കു സമീപമുള്ള ശ്രീമാരിയമ്മൻ കോവിൽ. തമിഴ് ആരാധനാസമ്പ്രദായത്തിൽ പൂജകളും ഉത്സവവും നടക്കുന്ന ഇവിടെ ജനുവരി ആദ്യവാരത്തിൽ നടക്കുന്ന അമ്മൻകുടം മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ജനുവരി 5 മുതൽ 10 വരെ നീളുന്ന ഉത്സവത്തിന്റെ പ്രധാന ആകർഷണം അഗ്നിപ്രവേശച്ചടങ്ങാണ് എന്ന് ക്ഷേത്രം കാരദർശികളായ ഗോപകുമാറും ശരത്കുമാറും പറഞ്ഞു. ആദ്യദിനമായ വെള്ളിയാഴ്ച പുലർച്ചെ 5ന് നടതുറക്കും. വൈകിട്ട് 6-നാണ് കൊടിയേറ്റ്.
കൂവപ്പടി പുല്ലംവേലിക്കാവ് ഭഗവതിക്ഷേത്രത്തിൽ നിന്നും താലം ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് ദീപാരാധന. പുല്ലംവേലിക്കാവ് നിന്നും വ്രതമാചരിയ്ക്കുന്നവർ കരകം നിറയ്ക്കും. തുടർന്ന് കൂവപ്പടി പഞ്ചായത്ത് പരിസരങ്ങളിൽ ഊരുചുറ്റി പറയെടുപ്പ്.
6ന് ശനിയാഴ്ച വൈകിട്ട് കൂടാലപ്പാട് സിദ്ധൻകവല ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ അഗ്നികരകം നിറച്ച് പരിസരങ്ങളിൽ പറയെടുപ്പ്. ഞായറാഴ്ച മദ്രാസ് കവലയിലും പരിസരങ്ങളിലുമാണ് ഊരുചുറ്റൽ. വൈകിട്ട് ദീപാരാധനയ്ക്കുശേഷം കൊരുമ്പശ്ശേരി ഭാഗങ്ങളിൽ നിന്നും പറയെടുക്കും.
8ന് വൈകിട്ട് വിശേഷാൽ വഴിപാടായ കുങ്കുമാഭിഷേകം നടക്കും. ഇളമ്പകപ്പിള്ളി തൃവേണിയിലും, കൊല്ലൻപടിയിലും പരിസരങ്ങളിലുമാണ് അന്നത്തെ ഊരുചുറ്റൽ. ശേഷം രാത്രി 12.30ന് ശ്രീകോവിലകത്ത് കുടി അഴൈപ്പ് പൂജ നടക്കും. എല്ലാ ദിവസങ്ങളിലും തെങ്കാശിയിൽ നിന്നുള്ള എൻ. ഇശൈവാനനും സംഘവും നാഗസ്വര, പമ്പമേളം അവതരിപ്പിയ്ക്കും.
ചൊവ്വാഴ്ച 6ന് ഉടുക്കുപാട്ടുണ്ട്. തുടർന്ന് ദീപാരാധന. അന്നേ ദിവസം ഇളമ്പകപ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രസന്നിധിയിൽ രാത്രി 8.30-യോടെ സത്യകരകം നിറയ്ക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരങ്ങൾ ഏറ്റുവാങ്ങി രാത്രി 12.30-യോടെയാണ് സംഘം അഗ്നിപ്രവേശത്തിനായി മാരിയമ്മൻ കോവിലിൽ എത്തുക.
തുടർന്ന് പൊങ്കൽ, മാവിളക്ക് എതിരേല്പ്. 2ന് ഗുരുതി നടക്കും. സമാപനദിവസമായ പത്താം തീയതി ബുധനാഴ്ച രാവിലെ പതിനൊന്നു മണിയ്ക്ക് ആചാര്യന്മാർ മഞ്ഞൾ നീരാട്ട് നടത്തും. തുടർന്ന് ക്ഷേത്രനടയിൽ പറനിറയ്ക്കൽ. കരകം ചൊരിയുന്നത് പുല്ലംവേലിക്കാവിലാണ്.
ഉച്ചയ്ക്ക് ഒരുമണിയ്ക്ക് അന്നദാനത്തോടെ നടയടച്ച് സമാപനമാകും. പിന്നീട് ക്ഷേത്രനടതുറക്കുന്നത് ആറു ദിവസങ്ങൾക്കുശേഷം മാത്രമായിരിക്കും. 16ന് ചൊവ്വാഴ്ച രാവിലെ നടതുറന്ന് വൈകിട്ട് ദീപാരാധനയും രാത്രി ഗുരുതിയും നടത്തുമെന്ന് ഉത്സവാഘോഷക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.