ബോക്സ് ഓഫീസിനെ വിറപ്പിച്ച് മോഹൻലാല്‍ ചിത്രം നേരിന്റെ കുതിപ്പ്. ആഗോള ബോക്സ് ഓഫീസിലെ ഒരാഴ്ചത്തെ കളക്ഷൻ കണക്കുകള്‍ പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സൗത്ത്വുഡ് പുറത്തുവിട്ടിരിക്കുകയാണ്. നേര് ആഗോളതലത്തില്‍ ആകെ 40 കോടിയില്‍ അധികം നേടി എന്നാണ്
പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. റെക്കോര്‍ഡുകള്‍ പലതും തകരുമെന്നും മോഹൻലാല്‍ സിനിമയുടെ ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു
മലയാളത്തിന്റെ പ്രയങ്കരനായ മോഹൻലാലിനെ കുറേക്കാലത്തിന് ശേഷമാണ് ഇത്തരം ഒരു വമ്പൻ ഹിറ്റ് ലഭിക്കുന്നത് എന്നതാണ് പ്രധാനം. തുടര്‍ച്ചായി പരാജയങ്ങള്‍ നേരിട്ട മോഹൻലാലിന്റെ തിരിച്ചുവരവായി മാറിയിരിക്കുകയാണ് നേര് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
കുടുംബപ്രേക്ഷകര്‍ നേരിനെ ഏറ്റെടുത്തുവെന്നാണ് മോഹൻലാല്‍ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ബോക്സ് ഓഫീസില്‍ വീണ്ടും മോഹൻലാല്‍ തന്റെ ഇരിപ്പിടം നേരിലൂടെ ഉറപ്പിച്ചിരിക്കുകയാണ്.
ഒരു നടനെന്ന നിലയിലും മോഹൻലാലിന് ചിത്രം നിര്‍ണായകമായിരുന്നു. നേരില്‍ മോഹൻലാല്‍ നടത്തിയ പ്രകടനം താരത്തിന്റെ ആരാധകരുടെ പ്രശംസ നേടിയിരിക്കുകയാണ്. താരഭാരമില്ലാതെ നടനായി മോഹൻലാല്‍ ഒരു കഥാപാത്രത്തെ മികവറ്റുതായി അവതരിപ്പിച്ചിരിക്കുന്നു എന്നാണ് നേരിലെ വക്കീലായ വിജയമോഹനെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. അത്രത്തോളം സ്വാഭാവികതയോടെയാണ് മോഹൻലാല്‍ ചിത്രത്തിലെ കഥാപാത്രമായ വിജയമോഹനെ അവതരിപ്പിച്ചിരിക്കുന്നു.
സംവിധായകൻ ജീത്തു ജോസഫിന്റെ ഒരു സിനിമയില്‍ മോഹൻലാല്‍ നായകനായി എത്തുമ്പോഴുള്ള പ്രതീക്ഷകള്‍ ശരിവയ്ക്കുന്നതാണ് നേരിന്റെ വിജയം. റിയലിസ്റ്റിക്കായി നേരിനെ അവതരിപ്പിച്ചപ്പോള്‍ മോഹൻലാലിനും ചിത്രം അഭിമാനിക്കാൻ പോന്നതായി.
ഒരു ഇമോഷൻ കോര്‍ട് റൂം ചിത്രം എന്ന് നേരത്തെ ജീത്തു ജോസഫ് പ്രമോഷണ് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയത് ശരിവയ്ക്കുന്നു നേര് കണ്ടവര്‍. ജീത്തു ജോസഫും ശാന്തി മായാദേവിയുമാണ് തിരക്കഥ എഴുതിയത്.