ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഹിമ നമ്പ്യാർ. ദിലീപ് നായകനായ കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമ അഭിനയരംഗത്തേയ്ക്ക് എത്തിയത്. എന്നാൽ മഹിമ കൂടുതൽ ശ്രദ്ധേയയായത് തമിഴ് സിനിമകളിലായിരുന്നു.
പിന്നീട് മമ്മൂട്ടി നായകനായ മാസ്റ്റർപീസ്, മധുരരാജ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മലയാള സിനിമയിലേയ്ക്ക് എത്തിയിരുന്നു. എന്നാൽ 2010 ൽ സിനിമയിലെത്തിയ മഹിമയ്ക്ക് ഭാഗ്യമായത് തന്റെ പേരാണെന്ന് താരം തന്നെ പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്.
കാസർകോട് സ്വദേശിയായ മഹിമയുടെ യഥാർത്ഥ പേര് ഗോപിക പാലാട്ട് എന്നായിരുന്നു. ഒമ്പത് വർഷം മുൻപ് തമിഴ് സിനിമയിൽ എത്തിയ ശേഷമാണ് മഹിമ നമ്പ്യാർ എന്ന് പേര് മാറ്റിയത്. ആദ്യം അഭിനയിച്ച കാര്യസ്ഥനിലെ കഥാപാത്രം ശ്രദ്ധനേടിയില്ല.
പിന്നീട് ആദ്യ തമിഴ് സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് പേര് മാറ്റിയത്. ചിത്രത്തിന്റെ സംവിധായകൻ ന്യൂമറോളജിയിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു.
ന്യൂമറോളജി പ്രകാരം എന്റെ പേര് മാറ്റുന്നത് വളരെ നല്ലതാണെന്ന് പറഞ്ഞ് അദ്ദേഹമാണ് M എന്ന അക്ഷരം നിർദ്ദേശിച്ചത്. അങ്ങനെയാണ് മഹിമ എന്ന പേര് സ്വീകരിച്ചത്. പിന്നീട് അദ്ദേഹം തന്നെ പറഞ്ഞു രണ്ട് വാക്കുള്ള പേര് നിർദ്ദേശിച്ചാൽ കുറച്ചുകൂടി നന്നായിരിക്കുമെന്ന് അങ്ങനെയാണ് മഹിമ നമ്പ്യാർ എന്ന് പേര് മാറ്റിയതെന്നും താരം പറഞ്ഞു. പേര് മാറ്റിയത് തന്റെ കരിയർ വളർച്ചയെ സഹായിച്ചെന്നും താരം പറയുന്നു.