സിയോൾ∙ ദക്ഷിണ കൊറിയൻ നടൻ ലീ സൺ ക്യുങിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 2020ലെ മികച്ച സിനിമയ്ക്കുള്ള ഓസ്കർ പുരസ്കാരം കരസ്ഥമാക്കിയ ‘പാരസൈറ്റ്’ എന്ന സിനിമയിലൂടെ പ്രശസ്തനായ താരമാണ് ലീ.
ഇന്നു രാവിലെയാണ് സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തീ കത്തിക്കാൻ ഉപയോഗിക്കുന്ന കൽക്കരി കഷ്ണങ്ങൾ വാഹനത്തിൽനിന്നു കണ്ടെത്തി.
ലഹരി ഉപയോഗത്തിന്റെ പേരിൽ ലീ കുറച്ചു നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്നാണ് റിപ്പോർട്ട്. മരിജുവാന തുടങ്ങിയ ലഹരികൾ ലീ കൂടുതലായി ഉപയോഗിച്ചിരുന്നെന്നാണ് റിപ്പോർട്ട്.
ലഹരിക്കേസിൽ കുടുങ്ങിയതിനെ തുടർന്ന് ലീയെ അടുത്തിടെ സിനിമ, ടെലിവിഷൻ പരിപാടികളിൽനിന്നും മറ്റു വാണിജ്യ പദ്ധതികളിൽനിന്നു പുറത്താക്കിയിരുന്നു.