കോഴിക്കോട്: ബി.ജെ.പി നേതാക്കൾ ക്രിസ്ത്യൻ സഹോദരന്മാരെ തേടി കേക്കുമായി ഇറങ്ങിയത് പ്രത്യേക ലക്ഷ്യം വെച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആട്ടിൻ തോലണിഞ്ഞ ചെന്നായയാണ് അവർ എന്ന തിരിച്ചറിവ് ക്രിസ്ത്യൻ പുരോഹിതര്‍ക്ക് ഉണ്ടാകണമെന്നും സതീശൻ പറഞ്ഞു.
‘രാജ്യത്ത് ക്രൈസ്തവർക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണം നടന്നത് കഴിഞ്ഞ വർഷമാണ്. നവംബർ 30 വരെ 680 ക്രൈസ്തവരെയാണ് ആക്രമിച്ചത്. മണിപ്പൂരിൽ സംഘ്പരിവാർ കത്തിച്ചുകളഞ്ഞത് 254 പള്ളികളാണ്. ക്രിസ്മസ് ആരാധനകൾ രാജ്യവ്യാപകമായി തടസ്സപ്പെടുത്തുകയാണ്. കേരളത്തിൽ ആട്ടിൻതോലിട്ട ചെന്നായയെപ്പോലെ ബി.ജെ.പി നേതാക്കൾ അരമനകളിലും സാധാരണ ക്രൈസ്തവരുടെ വീടുകളിലും കയറിച്ചെല്ലുകയാണ്. കേരളത്തിലെ ക്രൈസ്തവർക്ക് അത് കൃത്യമായി ബോധ്യപ്പെടുമെന്നതിൽ സംശയമില്ല’ -അദ്ദേഹം പറഞ്ഞു.
അതേസമയം, നവകേരള സദസ്സിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവിസ് എൻട്രി നൽകിയത് പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസമാണെന്നും സതീശന് പറഞ്ഞു. പ്രതിപക്ഷ സമരത്തോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഗുഡ് സർവിസ് എൻട്രി കൊടുക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമരം നടത്തും.
മുഖ്യമന്ത്രിയുടെ ഓഫിസ് ഉപജാപക സംഘത്തിന്റെ പിടിയിലാണ്. വിമർശിക്കുന്നവരെ ഭയപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. നവകേരള യാത്രയുടെ ഫലം എന്താണ് എന്ന് മുഖ്യമന്ത്രി പറയണം. നാടു മുടിപ്പിക്കാനായിരുന്നു നവകേരള യാത്രയെന്നും വി.ഡി. സതീശൻ വിമർശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു