നടിയെന്നതിലുപരി ഏറെ ആരാധകരുള്ള അവതാരകയാണ് രഞ്ജിനി ഹരിദാസ്. ക്രിസ്മസിന്റെ പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നറിയിച്ചിരിക്കുകയാണ് രഞ്ജിനി. ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നമാവും എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അവർ കുറിച്ചിരിക്കുന്നത്.
കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങൾ സഹിതമാണ് താൻ ആശുപത്രിയിലാണെന്ന് രഞ്ജിനി അറിയിച്ചിരിക്കുന്നത്. ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ ദീർഘനാളുകളായി അവഗണിച്ചതിന്റെ ഫലമായാണ് ഇപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നതെന്ന് രഞ്ജിനി പറയുന്നു. നെഞ്ചിലുണ്ടായ ഒരു ചെറിയ അണുബാധയാണ് കാര്യങ്ങൾ ഈ നിലയിലെത്തിച്ചതെന്ന് രഞ്ജിനി പറഞ്ഞു.
കുറേ നാളുകൾക്ക് മുന്നേതന്നെ പ്രശ്നം തോന്നിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും എന്ന് രഞ്ജിനി പറയുന്നു.
ക്രിസ്മസ് ആഘോഷങ്ങൾ സംഭവബഹുലമായിരുന്നു. എന്നാൽ ആശുപത്രിയിലെ എമർജൻസി റൂമിൽ കയറേണ്ടി വരികയെന്നത് അത്ര രസമുള്ള കാര്യമല്ല എന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് രഞ്ജിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.