‘ഇന്‍ ഹരിഹര്‍ നഗറി’ന്‍റെ നിര്‍മ്മാതാവ് കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ 29ന് റിലീസ് ചെയ്യും.

കൊച്ചി: സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്ന ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, ‘നോക്കെത്താ ദൂരത്ത്കണ്ണുംനട്ട്’ ഖുശ്ബു നായികയായ ‘വർഷം 16’ എന്നീ ചിത്രങ്ങളുടെ സഹ നിര്‍മ്മാതാവും ഇന്‍ ഹരിഹര്‍ നഗറിന്‍റെ നിര്‍മ്മാതാവുമായ മുതിര്‍ന്ന ചലച്ചിത്ര നിര്‍മ്മാതാവ് കുര്യച്ചന്‍ വാളക്കുഴി  നിർമ്മിച്ച് ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ 29ന് റിലീസ് ചെയ്യും. ചലച്ചിത്ര രംഗത്ത് പതിറ്റാണ്ടുകൾ പിന്നിട്ട അനുഭവസമ്പത്ത് ഉള്ള കുര്യച്ചൻ വാളക്കുഴി തന്‍റെ ചലച്ചിത്ര നിര്‍മ്മാണ അനുഭവങ്ങള്‍ പങ്കിടുന്നു.

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ പിറവിക്ക് പിന്നില്‍ ആത്മബന്ധങ്ങളുടെ തീവ്ര അനുഭവങ്ങളുണ്ട്. ഞങ്ങളുടെയൊക്കെ കാലത്ത് സംവിധായകരും നിര്‍മ്മാതാക്കളും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. കുടുംബപരമായി തന്നെ വളരെ അടുത്ത സൗഹൃദമുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെയ്ക്കുമായിരുന്നു.  എൻ്റെയും ഫാസിലിൻ്റെയും കുടുംബങ്ങൾ ഒരുമിച്ചായിരുന്നു ചിത്രങ്ങൾ നിർമ്മിച്ചിരുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ട പ്രൊ പി.എൽ. ലൂക്കോസ് സാറാണ് ഞങ്ങളെ ഒരുമിച്ച് നിറുത്തി നല്ല ചിത്രങ്ങൾ നിർമ്മിക്കാൻ അവസരം നല്കിയത് അത് വലിയ അനുഗ്രഹമായി കാണുന്നു.

പക്ഷേ ഇന്ന് അങ്ങനെയല്ല. എല്ലാം ബിസിനസ്സാണ്. തനി കച്ചവടം. ബിസിനസ്സ് ഡീല്‍ മാത്രമാണ് നടത്തുന്നത്. അത് കഴിഞ്ഞാല്‍ ഒരു ബന്ധവും ഉണ്ടാകുന്നില്ല. പുതുതലമുറയുടെ റോള്‍മോഡല്‍സ് താരങ്ങളായ കുഞ്ചാക്കോ ബോബന്‍റെയും ഫഹദ് ഫാസിലിന്‍റെയും അച്ഛന്‍മാരായ ബോബന്‍ കുഞ്ചാക്കോയും ഫാസിലും എന്‍റെ കുട്ടിക്കാലം മുതലേയുള്ള കളിത്തോഴരായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ കുടുംബവുമായുള്ള ബന്ധത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ബോബന്‍ വിട്ടുപിരിഞ്ഞെങ്കിലും ആ സ്നേഹവും ഓര്‍മ്മയും ഇന്നും മനസ്സിലുണ്ട്. ഫാസിലുമായും ഇപ്പോഴും സൗഹൃദം പങ്കിടുന്നുണ്ട്. എന്‍റെ വിവാഹ ചടങ്ങില്‍ എല്ലാക്കാര്യങ്ങള്‍ക്കും ഒപ്പം ഫാസില്‍ ഉണ്ടായിരുന്നു. ബോബനും അങ്ങനെ തന്നെയായിരുന്നു. ഞങ്ങളുടെ ഗ്യാങിലെ മറ്റൊരു പ്രധാന കൂട്ടുകാരനായിരുന്നു നെടുമുടിവേണു. അതെല്ലാം ആത്മസൗഹൃദത്തിന്‍റെ നല്ലയൊരു കാലമായിരുന്നു.

ഇന്ന് സിനിമ വല്ലാതെ മാറിക്കഴിഞ്ഞു. അടിയും ഇടിയും വയലന്‍സും ക്രൈമും ഒക്കെയാണ് സിനിമയുടെ പ്രമേയം. അത്തരം കാര്യങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുണ്ടായി എന്നതും മറ്റൊരു ദുരവസ്ഥയാണ്. ഞാന്‍ നിര്‍മ്മിച്ച സിനിമകളെല്ലാം നാട്ടിന്‍പുറത്തിന്‍റെ കഥകളായിരുന്നു. ഇപ്പോഴും ആ സിനിമകളിലെ ഗാനങ്ങള്‍ മൂളി നടക്കുന്ന മലയാളികള്‍ ഉണ്ട്. എന്തിന് നമ്മുടെ യൂത്തന്മാര്‍ പോലും ആ പഴയ പാട്ടുകള്‍ പാടുന്നുണ്ട്. സിനിമയിലെ മാറ്റങ്ങളെ ഞാന്‍ പോസിറ്റീവായിട്ട് തന്നെയാണ് കാണുന്നത്.

പക്ഷേ എന്തുകൊണ്ടാണ് ജീവിതഗന്ധിയായ ചിത്രങ്ങള്‍ ഉണ്ടാകാത്തത്? അത്തരത്തില്‍ ഒരു സിനിമ ഒരുക്കുക എന്‍റെ എക്കാലത്തെയും സ്വപ്നമായിരുന്നു. ദോഹയിലെ 42 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഞാന്‍ വീണ്ടുമൊരു സിനിമ നിര്‍മ്മിക്കുകയാണ്. എഴുപതുകളിലെ കേരളീയ ജീവിതം ചിത്രീകരിക്കുന്നൊരു സിനിമ. ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ ഒലീവ് പ്രൊഡക്ഷൻ്റെ ഫിലിംസിൻ്റെ ബാനറിൽ  സുഹൃത്ത്  ആലപ്പി അഷ്റഫാണ് ആ ചിത്രം സംവിധാനം ചെയ്യുന്നത്.

പുതിയ സിനിമകളുടെ ആസ്വാദന തലങ്ങളെ നിലനിര്‍ത്തിയാണ്  ഈ ചിത്രം ഒരുങ്ങുന്നതെങ്കിലും പഴയ ഗ്രാമീണ സുഗന്ധങ്ങളും ഹൃദയഹാരിയായ ഗാനങ്ങളും ഈ ചിത്രത്തെ തീര്‍ച്ചയായും വേറിട്ട് നിര്‍ത്തും.  ഞാൻ ഇപ്പോൾ അഡ്വ: പി.ടി.ജോസുമായി ചേർന്ന്’കൃപ ഫിലിംസ് സൊല്യൂഷൻസ്’എന്ന വിതരണ കമ്പനി നടത്തി വരികയാണ്. ഞാനും, ഫാസിലിൻ്റെ സഹോദരൻ ഖയസുമായി ചേർന്നാണ് ഇൻ ഹരിഹർ നിർമ്മിച്ചത്. അടിയന്തിരാവസ്ഥക്കാലത്തേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയമാണ് എൻ്റെ പുതിയ ചിത്രത്തിന്‍റേത്. ഭരണകൂട ഭീകരതയാല്‍ വിറങ്ങലിച്ചുനിന്ന ഒരു കാലത്തെയാണ് ചിത്രം ഒപ്പിയെടുക്കുന്നത്. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. ഒലിവ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴി,ടൈറ്റസ് ആറ്റിങ്ങൽ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കൾ  പുതുമുഖങ്ങളായ നിഹാലും ഗോപികാ ഗിരീഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ഹാഷിം ഷാ, കൃഷ്ണ തുളസീഭായ്,കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലീസിറ്റ്, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, ഫാ.പോൾ അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ തുടങ്ങിയവരാണ് അഭിനേതാക്കൾ.

ഗാനങ്ങൾ, ടൈറ്റസ് ആറ്റിങ്ങൽ, സംഗീതം – അഫ്സൽ യൂസഫ്, കെ..ജെ.ആൻ്റണി, ടി.എസ്.ജയരാജ്. ആലാപനം – യേശുദാസ് ,ശ്രയാ ഘോഷൽ, നജീബ് അർഷാദ്. ശ്വേതാ മോഹൻ, ഛായാഗ്രഹണം -ബി.ടി.മണി.

എ ഡിറ്റിംഗ് -എൽ. ഭൂമിനാഥൻ, കലാസംവിധാനം – സുനിൽ ശ്രീധരൻ, മേക്കപ്പ് – സന്തോഷ് വെൺപകൽ, കോസ്റ്റ്യും. ഡിസൈൻ – തമ്പി ആര്യനാട് .

ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ, ലൈൻ പ്രൊഡ്യൂസർ -എ.കബീർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ, വിതരണം-കൃപ  ഫിലിംസ് സൊല്യൂഷൻസ്
കെ മൂവിസ്.

പി.ആർ.ഒ- പി.ആർ.സുമേരൻ.ലീഗൽ  അഡ്വൈസർ – അഡ്വ: പി.റ്റി.ജോസ് എറണാകുളം, മാർക്കറ്റിംഗ് ഹെഡ് – ബാസിം, ഫോട്ടോ – ഹരി തിരുമല. എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.
‘ ഇന്‍ ഹരിഹര്‍  നഗറി’ന്‍റെ നിര്‍മ്മാതാവ് കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ 29ന് 
റിലീസ് ചെയ്യും.

Latest News