ന്യൂ ഡല്‍ഹി: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് പത്മശ്രീ പുരസ്കാരം തിരികെ നല്‍കുമെന്ന് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ്ങ്.’തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം തന്റെ സഹോദരി സാക്ഷിക്കും രാജ്യത്തെ പെണ്‍മക്കള്‍ക്കുമായി തിരികെ നല്‍കും’ എന്ന് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. സമാനമായ തീരുമാനമെടുക്കാന്‍ ഉന്നത കായിക താരങ്ങളോട് അഭ്യര്‍ഥിക്കുന്നതായി എക്സിലെഴുതി കുറിപ്പില്‍ വിരേന്ദര്‍ സിങ് ആവശ്യപ്പെട്ടു. സച്ചിന് ടെന്‍ഡുല്‍ക്കറെയും നീരജ് ചോപ്രയെയും എക്സില്‍ ടാഗ് ചെയ്തിട്ടുണ്ട്.
ബോക്സിങ് താരം സാക്ഷി മാലിക് കായികരംഗം വിടുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഒളിംപിക്സ് മെഡല്‍ ജേതാവ് ബജ്റങ് പുനിയ ഇന്നലെ പത്മശ്രീ പുരസ്കാരം തിരിച്ചുനല്‍കിയിരുന്നു.പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരിച്ചുനല്കാനായി എത്തിയ ബജ്റങ്ങിനെ പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് കര്‍ത്തവ്യപഥിലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലുള്ള നടപ്പാതയില്‍ പുരസ്കാരം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു താരം.
ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ ബി.ജെ.പി എം.പി ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ്കുമാര്‍ സിങ് ദേശീയ ഗുസ്തി ഫെഡറേഷൻ(ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണു പുതിയ പ്രതിഷേധങ്ങള്‍ക്കു തുടക്കമായത്. സഞ്ജയ്കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം വിളിച്ച് സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വികാരഭരിതമായ കാഴ്ചകള്‍ക്കായിരുന്നു വാര്‍ത്താസമ്മേളനം സാക്ഷിയായത്. മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞ് ബൂട്ട് മേശയില്‍ അഴിച്ചുവച്ചാണ് അവര്‍ മടങ്ങിയത്.