കൊച്ചി: ഇൻഷുറൻസ് പരിരക്ഷയുടെ പ്രാധാന്യം പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ദിവസങ്ങളിലായി മാഗ്മ എച്ച്ഡിഐ നടത്തിയ വനിത റൈഡർമാരുടെ ബൈക്ക് റാലിക്ക് എറണാകുളം ജില്ലയിൽ സമാപനം. 2047ഓടെ രാജ്യത്ത് എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്ന, ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായി മാഗ്മ എച്ച്ഡിഐയാണ് റാലി സംഘടിപ്പിച്ചത്. പ്രമുഖ വനിത റൈഡർമാരായ ഡോ. സന, അലീന, ഷംന എന്നിവരടങ്ങുന്ന സംഘം തിരുവനന്തപുരത്തു നിന്നാണ് റാലി ആരംഭിച്ചത്.
തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സംഘം പൊതുജനങ്ങളുമായി സംവദിക്കുകയും ഇൻഷുറൻസ് ബോധവൽക്കരണ സദസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു. നേരത്തെ, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ഇൻഷുറൻസ് പ്ലാനുകൾ വഹിക്കുന്ന പങ്കിനെപ്പറ്റി മാഗ്മ എച്ച്ഡിഐ ആരംഭിച്ച ‘ഇൻഷുറൻസ് എടുത്തോ?’ ക്യാമ്പയിൻ ജനശ്രദ്ധയാകർഷിച്ചിരുന്നു.
ഇൻഷുറൻസ് പരിരക്ഷയുടെ പ്രാധാന്യം വിളിച്ചോതി, വനിതകൾ നടത്തിയ ബൈക്ക് റാലി വൻ വിജയമായതായി മാഗ്മ എച്ച്ഡിഐയുടെ ചീഫ് ടെക്നിക്കൽ ഓഫീസർ അമിത് ഭണ്ഡാരി പറഞ്ഞു. “കേരളത്തിലെ ജനങ്ങളിൽ നിന്നും ആവേശകരമായ സ്വീകരണമാണ് റാലിക്ക് ലഭിച്ചത്. സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാനും ഭാവി ജീവിതം ശോഭനമാക്കാനും ഇൻഷുറൻസ് എടുക്കേണ്ടതിന്റെ ആവിശ്യകതയെപ്പറ്റി കേരളത്തിലെ ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ ഈ റാലിയിലൂടെ സാധിച്ചു.” അദ്ദേഹം പറഞ്ഞു.