ചാലക്കുടി ∙ ഗവ. ഐടിഐ യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയത്തിനു പിന്നാലെ പൊലീസ് ജീപ്പിനു മുകളിൽ കയറിനിന്നു ചില്ലടിച്ചു തകർക്കുകയും ബോണറ്റിൽ കയറിയിരുന്നു പൊലീസുകാരെ പരസ്യമായി അസഭ്യം പറയുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് നിധിനെ കസ്റ്റഡിയിലെടുത്തത്. ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇന്നലെ നിധിൻ പുല്ലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, ചാലക്കുടി ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ മോചിപ്പിച്ച് ഓട്ടോയിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
തിരഞ്ഞെടുപ്പു വിജയിച്ചതിനു പിന്നാലെ നിധിൻ പുല്ലന്റെ നേതൃത്വത്തിൽ പ്രവർത്തകർ ടൗൺചുറ്റി ആഹ്ലാദപ്രകടനം നടത്തിയിരുന്നു. എസ്ഐ എം. അഫ്സലും എഎസ്ഐയുമടക്കം 5 പൊലീസുകാർ സഞ്ചരിച്ചിരുന്ന ജീപ്പ് ഓടിക്കൊണ്ടിരിക്കേ അതിനു മുകളിലേക്കു നിധിനും സംഘവും ഇരച്ചു കയറുകയായിരുന്നു. ബോണറ്റിനു മുകളിൽ നിന്നുകൊണ്ട് ആഞ്ഞു ചവിട്ടി. ചില്ലു തകർത്തശേഷം റോഡിലേക്കു വിതറി. എസ്ഐ അടക്കമുള്ളവരെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞു. ഇതിനു പിന്നാലെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി നിധിനെ കസ്റ്റഡിയിലെടുത്തു.
ഇതിനിടെയാണ് ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്.അശോകന്റെ നേതൃത്വത്തിൽ നിധിൻ പുല്ലനെ മോചിപ്പിച്ചത്. പൊലീസ് നിധിനെ വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ പിടിവലിയുണ്ടായി. ഇതിനിടെ പ്രവർത്തകർ സംഘം ചേർന്നു നിധിനെ മോചിപ്പിച്ച് ഓട്ടോയിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു