പ്രഭാസ് നായകനായെത്തിയ പ്രശാന്ത് നീൽ ചിത്രം സലാറിന് ബോക്സോഫീസിൽ ഗംഭീര തുടക്കം. മികച്ച പ്രീബുക്കിങ്ങ് സ്വന്തമാക്കിയ ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്നുമാത്രം 95 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വർധരാജ് മന്നാർ എന്ന പ്രധാന കഥാപാത്രത്തിൽ പൃഥ്വിരാജും ചിത്രത്തിൽ എത്തുന്നുണ്ട്.
ആന്ധ്ര പ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമായി മാത്രം 70 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. കർണാടകയിൽ നിന്നും 12 കോടിയും കേരളത്തിൽ നിന്ന് അഞ്ചുകോടിയും ചിത്രം നേടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോളതലത്തിൽ ചിത്രം 175 കോടി നേടിയെന്നാണ് വിവരങ്ങൾ. ചിത്രത്തിൻ്റെ ഔദ്യോഗിക കളക്ഷൻ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
കെജിഎഫ് എന്ന സൂപ്പർ ഹിറ്റിനുശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസായ ചിത്രം രണ്ടുസുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിൻ്റെ ആദ്യ ഭാഗമായ സലാർ പാർട്ട് 1- സീസ്ഫയറാണ് ഇപ്പോൾ റിലീസായിരിക്കുന്നത്.
ഭുവൻ ഗൗഡയാണ് ഛായാഗ്രഹണം. രവി ബസ്രുർ സംഗീതം നിർവഹിച്ചിരിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരാഗണ്ടൂർ ആണ് നിർമാണം. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത്.