ഡോക്ടര്‍ കുറിച്ചു തന്ന അലോപ്പതിമരുന്ന് വാങ്ങാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ടൗണിലെ മരുന്നുഷാപ്പില്‍ പോയ കഥയൊക്കെ പഴമക്കാര്‍ക്ക് പറയാനുണ്ടാകും. എന്നാല്‍ ഇന്ന് പെട്ടിക്കടകള്‍ പോലെ മെഡിക്കല്‍ ഷോപ്പുണ്ട് എല്ലായിടത്തും. പണ്ട് ആളുകള്‍ കൂടുന്ന അങ്ങാടികളിലായിരുന്നു മെഡിക്കല്‍ ഷോപ്പെങ്കില് ഇന്നിപ്പോള്‍ ഓരോ ബസ് സ്റ്റോപ്പിനടുത്തുമുണ്ട് മരുന്നുകടകള്‍. ഡോക്ടര്‍മാര്‍ താമസിക്കുന്ന പ്രദേശമാണെങ്കില്‍ ഒന്നിലധികമുണ്ടാകുമവ. ഡോക്ടര്‍മാരുടെയും രോഗികളുടെയും മെഡിക്കല്‍ ഷോപ്പുകളുടെയും എണ്ണം പെരുകിയതോടെ ഫാര്‍മസിസ്റ്റുകളുടെയും പ്രിയം കൂടി. എല്ലാ മെഡിക്കല്‍ ഷോപ്പിലും ഫാര്‍മസിസ്റ്റിന്റെ സേവനം നിയമപരമായി നിര്‍ബന്ധമാണ്. അവിടെ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് കടയില്‍ വരുന്നവരുടെ ശ്രദ്ധ പതിയുന്ന തരത്തില്‍ ചില്ലുഫ്രെയിമിലാക്കി പ്രദര്‍ശിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു. മരുന്നുഷോപ്പുകളില്‍ മാത്രമല്ല ഡിസ്പെന്‍സറികളിലും ആശുപത്രികളിലുമൊക്കെ ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴില്‍ ഉറപ്പാണ്. ഫാര്‍മസി കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ഗള്‍ഫ് അടക്കമുളള വിദേശരാജ്യങ്ങളിലും തൊഴിലവസരങ്ങളേറെ.
ഡി. ഫാം
ഫാര്‍മസി രംഗത്തെ അടിസ്ഥാന കോഴ്സാണ് ഫാര്‍മസി ഡിപ്ലോമ അഥവാ ഡി.ഫാം. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ ഫാര്‍മസി കോളേജുകളിലും ഈ കോഴ്സ് നടത്തുന്നുണ്ട്. രണ്ടുവര്‍ഷമാണ് കോഴ്സ് കാലാവധി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പ്രവേശനനടപടികള്‍. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്സ്/ബയോടെക്നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവോ തത്തുല്യപരീക്ഷയോ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 17-35 വയസ്. ആഗസ്ത് സെപ്തംബര്‍ മാസങ്ങളിലാണ് പ്രവേശനത്തിനുളള നടപടികള്‍ തുടങ്ങുക. തിരുവനന്തപുരം (20 സീറ്റ്), ആലപ്പുഴ (40), കോട്ടയം (30), കോഴിക്കോട് (50) മെഡിക്കല്‍ കോളേജുകളില്‍ ഡി. ഫാം കോഴ്സ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് ആണ് സര്‍ക്കാര്‍ തലത്തില്‍ ഡി.ഫാം കോഴ്സ് നടത്തുന്ന മറ്റൊരു സ്ഥാപനം. ഇവിടെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
മുകളില്‍ പറഞ്ഞ അഞ്ച് സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. ഇതിനുപുറമെ എല്ലാ ജില്ലകളിലും സ്വകാര്യസ്ഥാപനങ്ങളില്‍ ഡി.ഫാം കോഴ്സ് സംഘടിപ്പിക്കുന്നുണ്ട്. നാഷനല്‍ കോളേജ് ഓഫ് ഫാര്‍മസി, കോഴിക്കോട് (60 സീറ്റ്), ജെ.ഡി.റ്റി. ഇസ്ലാം കോളേജ്, കോഴിക്കോട് (60 സീറ്റ്), ക്രെസന്റ് കോളേജ് ഓഫ് ഫാര്‍മസി, കണ്ണൂര്‍ (60 സീറ്റ്), കോളേജ് ഓഫ് ഫാര്‍മസി, മാലിക് ദിനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ (60), ജാമിയ സലഫിയ ഫാര്‍മസി കോളേജ്, മലപ്പുറം (60 സീറ്റ്), അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി, മലപ്പുറം (60 സീറ്റ്), ആയിഷ മജീദ് കോളേജ് ഓഫ് ഫാര്‍മസി, കരുനാഗപ്പള്ളി (90 സീറ്റ്), ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഫാര്‍മസി കോളേജ്, തുറവൂര്‍ (60), ഫാത്തിമ കോളേജ് ഓഫ് ഫാര്‍മസി (120 സീറ്റ്), ജോണ്‍ എനോക് കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരം (100 സീറ്റ്), എ.ജെ. കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരം (60), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (60 സീറ്റ്), ശ്രീ വിദ്യാധിരാജ ഫാര്‍മസി കോളേജ്, തിരുവനന്തപുരം (60), എഴുത്തച്ഛന് നാഷനല്‍ അക്കാദമി (60) എന്നിവയാണ് സര്‍ക്കാര്‍ അംഗീകാരത്തോടെ ഡി.ഫാം കോഴ്സ് നടത്തുന്ന സ്വകാര്യ കോളേജുകള്‍.
2020 ആകുമ്പോഴേക്കും ഡി.ഫാം കോഴ്സുകള്‍ നിര്‍ത്തലാക്കാന്‍ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനമെടുത്തിട്ടുണ്ട്. ഡി.ഫാം പഠിച്ചവര്‍ക്ക് രണ്ടു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫാര്‍മസി പ്രാക്ടീസ് എന്ന ബ്രിഡ്ജ് കോഴ്സ് നടത്താനും ഫാര്‍മസി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഡി.ഫാം പഠിച്ചവര്‍ 2020ന് ശേഷം ജോലി ചെയ്യണമെങ്കില്‍ ഈ ബ്രിഡ്ജ് കോഴ്സ് കൂടി പാസായിരിക്കണം.
ബി.ഫാം
ഫാര്‍മസിയിലെ ബിരുദകോഴ്സായ ബി.ഫാമിന് നാലു വര്‍ഷം ദൈര്‍ഘ്യമുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലും സ്വകാര്യ-സ്വാശ്രയമേഖലയിലും ബി.ഫാം കോഴ്സ് നടക്കുന്നുണ്ട്. ബയോളജിക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/ബയോടെക്നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യപരീക്ഷ ജയിച്ചവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഡി.ഫാം പരീക്ഷ ജയിച്ചവര്‍ക്കും ബി.ഫാം കോഴ്സിന് അപേക്ഷിക്കാം.
ബി.ഫാം കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഉന്നതപഠനത്തിനുള്ള ഒട്ടേറെ അവസരങ്ങളുണ്ട്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിക്കുന്നവര്‍ക്ക് ഗേറ്റ് പരീക്ഷയെഴുതി ഫെലോഷിപ്പോടെ രണ്ടു വര്‍ഷത്തെ എം.ഫാം കോഴ്സിന് ചേരാം. എം.ടെക് (ബയോ ടെക്നോളജി/ബയോ ഇന്‍ഫര്‍മാറ്റിക്സ്), എം.ബി.എ. (ഫാര്‍മ മാര്‍ക്കറ്റിങ്) എന്നീ കോഴ്സുകള്‍ക്കും ബി.ഫാം ബിരുദക്കാര്‍ക്ക് പ്രവേശനം ലഭിക്കും.
ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിന് കീഴിലുള്ള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (20 സീറ്റ്), കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലുളള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (20 സീറ്റ്), കോട്ടയം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (60), തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് (60) എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ തലത്തില്‍ ബി.ഫാം കോഴ്സ് നടക്കുന്നത്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 സ്വകാര്യ കോളേജുകളിലും സ്വാശ്രയാടിസ്ഥാനത്തില്‍ ബി.ഫാം കോഴ്സ് നടത്തുന്നു. കോഴിക്കോട്ടെ ജെ.ഡി.റ്റി. ഇസ്ലാം കോളേജ് ഓഫ് ഫാര്‍മസി, നാഷനല്‍ കോളേജ് ഓഫ് ഫാര്‍മസി, മലപ്പുറത്തെ അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി, ദേവകി അമ്മ മെമ്മോറിയല്‍ കോളേജ് ഓഫ് ഫാര്‍മസി, ജാമിയ സലഫിയ ഫാര്‍മസി കോളേജ്, മൗലാന കോളേജ് ഓഫ് ഫാര്‍മസി, കണ്ണൂരിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, അഞ്ചരക്കണ്ടി കോളേജ് ഓഫ് ഫാര്‍മസി, ക്രസന്റ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, കാസര്‍കോട്ടെ മാലിക് ദിനാര്‍ കോളേജ് ഓഫ് ഫാര്‍മസി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി, പാലക്കാട്ടെ ഗ്രേസ് കോളേജ് ഓഫ് ഫാര്‍മസി, കരുണ കോളേജ് ഓഫ് ഫാര്‍മസി, കെ.ടി.എന്‍. കോളേജ് ഓഫ് ഫാര്‍മസി, തൃശൂരിലെ നെഹ്റു കോളേജ് ഓഫ് ഫാര്‍മസി, സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, എറണാകുളത്തെ കെമിസ്റ്റ്സ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച്, നിര്‍മല കോളേജ് ഓഫ് ഫാര്‍മസി, ആലപ്പുഴയിലെ സെന്റ് ജോസഫ്സ് കോളേജ് ഓഫ് ഫാര്‍മസി, കെ.വി.എം. കോളേജ് ഓഫ് ഫാര്‍മസി, പത്തനംതിട്ടയിലെ നസറത്ത് കോളേജ് ഓഫ് ഫാര്‍മസി, പുഷ്പഗിരി കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരത്തെ ഡേല്‍ വ്യൂ കോളേജ് ഓഫ് ഫാര്‍മസി, എഴുത്തച്ഛന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, മാര്‍ ഡിയോസ്ക്രസ് കോളേജ് ഓഫ് ഫാര്‍മസി, ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാര്‍മസി എന്നിവയാണവ. എല്ലായിടത്തും അറുപത് വീതം സീറ്റുകളുണ്ട്.
എം.ഫാം.
ഫാര്‍മസി പഠനശാഖയിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിഗ്രിയായ എം.ഫാം കോഴ്സ് കേരളത്തില്‍ അഞ്ചു സ്ഥാപനങ്ങളിലേ നടത്തുന്നുള്ളൂ. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണയിലെ അല്‍-ഫിഷ കോളേജ് ഓഫ് ഫാര്‍മസി, കോട്ടയം പാമ്പാടിയിലെ നെഹ്റു കോളേജ് ഓഫ് ഫാര്‍മസി എന്നിവയാണവ. ഇവിടെയെല്ലാം കൂടി 56 സീറ്റുകളേയുള്ളൂ. സംസ്ഥാന പ്രവേശനപരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. 50 ശതമാനം മാര്‍ക്കോടെ ബി.ഫാം പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം.
ഫാം.ഡി.
ഫാര്‍മസി രംഗത്തെ ഏറ്റവും പുതിയ പഠനകോഴ്സാണ് ഡോക്ടര്‍ ഓഫ് ഫാര്‍മസി അഥവാ ഫാം.ഡി. ആറുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സാണിത്. എം.ബി.ബി.എസിന് ഏറെക്കുറെ തുല്യമായ സിലബസാണ് ഇവര്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ പഠിക്കാനുണ്ടാകുക. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി/കമ്പ്യൂട്ടര്‍ സയന്‍സ്/മാത്തമാറ്റിക്സ് എന്നിവയ്ക്ക് 50 ശതമാനം മാര്‍ക്കോടെയും ബയോളജി/മാത്തമാറ്റിക്സ്/ബയോടെക്നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ 50 ശതമാനം മാര്‍ക്കോടെയും പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ ഡി.ഫാം പാസായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പെരിന്തല്‍മണ്ണയിലെ അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി (30 സീറ്റ്), കോഴിക്കോട് മുക്കത്തെ നാഷനല്‍ കോളേജ് ഓഫ് ഫാര്‍മസി (30), പാലക്കാട്ടെ ഗ്രേസ് കോളേജ് ഓഫ് ഫാര്‍മസി (30 സീറ്റ്), തിരുവനന്തപുരത്തെ ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാര്‍മസി റിസര്‍ച്ച് സെന്റര്‍ (30 സീറ്റ്) എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഫാം.ഡി. പഠനാവസരമുള്ളത്.