കൊച്ചി: കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് പാൻഡോറ പേപ്പറിലുള്ള മലയാളികളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. മനോജ് പത്മനാഭന്, ജോസഫ് ജോബ്, ക്ലീറ്റസ് കുരിശിങ്കല്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇവരുമായി ബന്ധമുള്ള കൊച്ചിയിലെ സോഫ്റ്റ്വെയര് സ്ഥാപനത്തില്‍ വ്യാഴാഴ്ച ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ആം ആദ്മി പാർട്ടിയുടെ സംസ്ഥാനത്തെ ആദ്യ കോഓർഡിനേറ്റർ ആയിരുന്നു മനോജ് പത്മനാഭൻ.
2021ല്‍ പുറത്തുവന്ന പാൻഡോറ പേപ്പറില്‍ ഈ മൂന്ന് മലയാളികളുടെയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. ഈ മൂന്നുപേര്‍ക്കും ബ്രീട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ ഷെല്‍ കമ്പനികള്‍ ഉണ്ടെന്നും ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. മനോജ് പത്മനാഭന് പീക്കോക് ടെക്നോളജീസ് എന്ന പേരിലും ക്ലീറ്റസ് കുരിശിങ്കലിന് കാറ്റലിസ്റ്റ് ഐടി സൊല്യൂഷന്‍സ് എന്ന പേരിലും ജോസഫ് ജോബിന് ന്യൂജെന്‍ ഇന്‍ഫോ സൊല്യൂഷ്യന്‍സ് എന്ന പേരിലുമാണ് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ കമ്പനികളുള്ളത്. ഇവരുമായി ബന്ധമുള്ള കൊച്ചിയിലെ സ്പെക്ട്രം സോഫ്റ്റ് ടെക് സൊല്യൂഷ്യന്സിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇതില്‍ ക്ലീറ്റസ് കുരിശിങ്കല്‍ ഈ കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ്.
കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ദുബായിലെ ഒരു ഇന്‍ഫോര്‍മാറ്റിക് സ്ഥാപനത്തിന്റെ മറവില്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലെ ഇവരുടെ കമ്പനികളിലേക്ക് പോയതായി ആദായനികുതി വകുപ്പ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യു.എസ്. മലയാളി ഫ്രാൻസിസ് കുന്നുമ്പുറത്തുമായി ഇവർക്കുള്ള ബന്ധവും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
READ ALSO….ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ റെയിൽവേ ട്രാക്കുകൾ തകർത്തു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
2010ലാണ് മനോജ് പത്മനാഭനും ജോസഫ് ജോബും ക്ലീറ്റസും ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ കമ്പനികള്‍ തുടങ്ങിയതായി പാൻഡോറ രേഖകളിലുള്ളത്. ഈ കമ്പനികളുടെ പ്രവര്‍ത്തനവും ഇവരുടെ സാമ്പത്തിക ഇടപാടുകളും ആദായനികുതി വകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പാൻഡോറ പേപ്പറുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായാണ് ഒരു കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നത്. 2021ലാണ് അന്താരാഷ്ട്ര തലത്തിലുള്ള പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരുടെ രേഖകള്‍ പുറത്തുവിടുന്നത്. ധനികരും പ്രശസ്തരുമായ ഭരണാധികാരികളും സിനിമാ, കായിക, രാഷ്ട്രീയ പ്രമുഖരടക്കമുള്ളവരുടെ വിദേശ നിക്ഷേപത്തിന്റെ വിവരങ്ങള്‍ ആയിരുന്നു പാൻഡോറ പേപ്പറിലൂടെ പുറത്തുവന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു