മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നത് വേട്ടയാടലിൽ നിന്നാണ്. ആഹാരത്തിനു വേണ്ടി വേട്ടയാടി; അവ സൂക്ഷിക്കാനും തണുപ്പിൽ നിന്ന് രക്ഷ നേടാനും അവർ ഗുഹകൾ കണ്ടെത്തി. ചുവരുകളിൽ അവരുടേതായ ഭാഷകൾ കോറിയിട്ടു. വരകളായും, ചിത്രങ്ങളായും അവർ തമ്മിൽ സംസാരിച്ചു. ഗുഹകൾ വിപുലപ്പെട്ടു. ഒരൊറ്റ മനുഷ്യൻ എന്നതിൽ നിന്നും അവർക്ക് തുണയായി പങ്കാളികൾ ഉണ്ടാകാൻ തുടങ്ങി. ഗുഹ ഒരു കുടുംബത്തിനെ സംരക്ഷിക്കുന്ന വീടായി മാറി. ഗുഹകളിൽ അവർ തീ കാഞ്ഞു, ഭക്ഷണം ഉണ്ടാക്കി, കൃഷി ചെയ്തു വിളകൾ സൂക്ഷിച്ചു. ഒരിടത്തു നിന്നും മറ്റൊരു ഗുഹയിലേക്ക് മാറി താമസിച്ചു. അങ്ങനെ ഈ ലോകത്തെ ഓരോ ഗുഹകൾക്കും നമ്മുടെ പൂർവ്വികരുടെ കഥകൾ പറയാനുണ്ട്. മനുഷ്യ വംശത്തിനു വീടെന്ന ആശയം ഉദിച്ചതേ ഗുഹകളിൽ നിന്നാണ് . ഓരോ ഗുഹകളും പരിശോധിച്ചാൽ അറിയാൻ സാധിക്കും അവയുടെ ഉരുക്കും, വീര കഥകളും. ഇന്ത്യയിലെ പുരാതന ഗുഹകളെ പറ്റി അറിയാം. ഇന്നും നിഗൂഢമായി നില നിൽക്കുന്ന അവയുടെ നിർമ്മാണ രഹസ്യം എക്കാലത്തേക്കും രഹസ്യമായിരിക്കും
സിത്തനവാസൽ
തമിഴ് നാട്ടിലെ പുതുക്കോട്ടയിലാണ് സിത്തനവാസൽ സ്ഥിതി ചെയ്യുന്നത്. അരിവർ കോവിൽ എന്ന വിളിപ്പേരോട് കൂടിയ സിത്തനവാസൽ ഇന്ത്യൻ സംസ്ക്കാരത്തിന്റെ അടയാളം കൂടിയാണ്. ഏകദേശം രണ്ടാം നൂറ്റാണ്ടോടു കൂടിയാണ് സിത്തനവാസലിന്റെ പണി പൂർത്തിയായത് . സിത്തനവാസൽ ഗുഹയെ പൊതുവെ ഒരു പാറ മുറിച്ച ആശ്രമമായി കണക്കാക്കുന്നു, കൂടാതെ പച്ചക്കറികളും ധാതുക്കളും കൊണ്ട് നിർമ്മിച്ച പല വിധ വർണ്ണങ്ങളിലുള്ള ചുവർചിത്രങ്ങൾ ഇവിടെയുണ്ട്. വടക്ക്-തെക്ക് ദിശയിൽ പോകുന്ന കുന്നിന്റെ മധ്യഭാഗത്ത് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പാറ മുറിച്ച ഗുഹയാണ് സിത്തനവാസൽ. കുന്നിന് ഏകദേശം 70 മീറ്റർ (230 അടി) ഉയരമുണ്ട്. ഗുഹയുടെ വാസ്തു വിദ്യ മനോഹരമായതും കാഴ്ചക്കാരെ ആരാകർഷിക്കുന്നതുമാണ്. ഇത്രയും വര്‍ഷങ്ങള്‍ക്കു മുൻപ് അതി ഗംഭീരമായ വരകൾ തീർത്തത് പൂർവികരെ ഒന്ന് കൂടി കൗതകത്തോട് കൂടി നോക്കി കാണുവാൻ കാരണമാകുന്നു
അജന്ത ഗുഹ
പശ്ചിമഘട്ട മലനിരകളില്‍, ഒരു കുതിര ലാടത്തിന്റെ ആകൃതിയില്‍ 250 അടി ഉയരത്തില്‍ മുപ്പതോളം ഗുഹകള്‍. ഇങ്ങനെയാണ് അജന്ത ഗുഹയുടെ നിൽപ്പ്. ബുദ്ധമതം ഇന്ത്യയില്‍ പ്രചാരം നേടിയ കാലത്ത് നിര്‍മിക്കപ്പെട്ട ചൈത്യഗൃഹങ്ങളുമാണ് ഇവ എന്നാണ് അറിയപ്പെടുന്നത്. അഞ്ച് ചൈത്യഗൃഹങ്ങളും ബാക്കി വിഹാരങ്ങളും. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടുതൊട്ട് ക്രിസ്തുവിനു ശേഷം ഏഴാം ഏഴാം നൂറ്റാണ്ടു വരെ ഏകദേശം ആയിരം വര്‍ഷങ്ങള്‍ കാലപ്പഴക്കമുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിഗമനം. അജന്താ ഗുഹകളില്‍ 16 എണ്ണത്തില്‍ ചുവര് ചിത്രങ്ങള്‍ കാണാം. കാലപ്പഴക്കത്തില്‍ പല ചിത്രങ്ങളും മാഞ്ഞു തുടങ്ങിയിട്ടുങ്കിലും നിരവധി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ചിത്രങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. എല്ലാ ഗുഹകളിലും ശ്രീബുദ്ധന്റെ പലരീതിയിലുള്ള ശില്പങ്ങളും കാണാം. ചില ഗുഹകളില്‍ ജൈന പ്രതിമകളുമുണ്ട്. കൃത്യമായ രേഖകള്‍ ലഭ്യമല്ലെങ്കിലും രണ്ടാം നൂറ്റാണ്ടിലെ ‘വടക’ രാജവംശത്തിലെ ഹരിസേന എന്ന രാജാവിന്റെ കാലത്താണ് അജന്താ ഗുഹകളുടെ നിര്‍മ്മാണം തുടങ്ങിയതെന്നാണ് ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നത്. ഔറംഗാബാദില്‍ നിന്നും 102 കിലോമീറ്റര്‍ അകലെയാണ് അജന്ത ഗുഹകള്‍.
എല്ലോറ ഗുഹ
ഇന്ത്യന്‍ ഗുഹാശില്പകലയുടെ ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്ന മറ്റൊരു ഗഹക്ഷേത്രമാണ് എല്ലോറ ഗുഹകള്‍. 34ഗുഹകളാണ് എല്ലോറയിലുള്ളത്. ഇവയില്‍ ഒന്നുമുതല്‍ 12 വരെയുള്ള ഗുഹകള്‍ ബുദ്ധ വിഹാരങ്ങളാണ്. 30 മുതല്‍ 34 വരെയുള്ള ഗുഹകള്‍ ജൈന ക്ഷേത്രങ്ങളും ബാക്കി 16 ഗുഹകള്‍ ബ്രാഹ്മണ/ഹിന്ദു ക്ഷേത്രങ്ങളുമാണ്. അജന്തയെപ്പോലെ എല്ലോറയും യുനസ്കോ പൈതൃകപട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഒറ്റക്കല്ലിലുള്ള കൈലാസ ക്ഷേത്രവും പതിനഞ്ചടിയോളം ഉയരമുള്ള ബുദ്ധപ്രതിമയും അതിമനോഹരമാണ്. ഔറംഗബാദില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് എല്ലോറാ ഗുഹകള്‍.
ബദാമി ഗുഹ
ഏറെ അറിയപ്പെടാത്ത എന്നാല്‍ അതിമനോഹരമായ ഗുഹാക്ഷേത്രങ്ങളിലൊന്നാണ് കര്‍ണ്ണാടകയിലെ ബദാമി ഗുഹാക്ഷേത്രം. ഡെക്കാന്‍ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദു ക്ഷേത്രം കൂടിയാണിത്. വടക്കന്‍ കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. AD 540 നും AD 757 നും ഇടയില്‍ പ്രദേശം ഭരിച്ചിരുന്ന ചാലൂക്യ രാജവംശത്തിന്റെ അവശേഷിപ്പുകളാണ് ഇവ. നാല് ശിലാക്ഷേത്രങ്ങളാണ് ബദാമിയിലുള്ളത്. ചെങ്കല്‍പ്പാറ തുരന്നെടുത്തുണ്ടാക്കിയ ഗുഹകളാണ് ഇവയെല്ലാം. നൂറടിയിലേറെ പൊക്കത്തിലുള്ള കല്ലിന്റെ മധ്യഭാഗം തുരന്നാണ് ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്. പത്തടി ഉയരത്തില്‍ കൊത്തിയെടുത്ത ഗുഹയ്ക്കു താങ്ങായി കരിങ്കല്‍ത്തൂണുകള്‍ നാട്ടിയിട്ടുണ്ട്. പരമശിവനും മഹാവിഷ്ണുവുമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകള്‍. ചുമരിലും തൂണിലുമെല്ലാം നിരവധി ശില്‍പ്പങ്ങളുമുണ്ട്. ഒരു ക്ഷേത്രം മഹാവീരനാണ് സമര്‍പ്പിച്ചിട്ടുള്ളത്. ബുദ്ധപ്രതിമ സ്ഥാപിച്ച ഒരു ഗുഹയും ഇതിനോട് ചേര്‍ന്നുണ്ട്.
ഉണ്ടാവല്ലി ഗുഹകള്‍
അഞ്ചാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നവയാണ് ആന്ധ്രാപ്രദേശിലെ ഉണ്ടാവല്ലി ഗുഹാക്ഷേത്രം. മൂന്ന് വ്യത്യസ്ത മതവിഭാഗങ്ങളും ഈ ഗുഹാക്ഷേത്രത്തില്‍ ആരാധന നടത്തുന്നുണ്ട്. ആദ്യം ബുദ്ധമത ക്ഷേത്രമായിരുന്ന ഇവിടം പിന്നീട് ഹിന്ദു, ജൈന മതവിഭാഗക്കാരും ആരാധന നടത്തുകയായിരുന്നു. വിശ്വകര്‍മ്മ രീതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. കൂടാതെ ഗുപ്ത-ചാലൂക്യ സ്വാധീനവും നിര്‍മ്മാണത്തില്‍ കാണാന്‍ സാധിക്കും.
ഭജെ ഗുഹകള്‍
മഹാരാഷ്ട്രയില്‍ പൂനെയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭജെ ഗുഹകള്‍ രണ്ടായിരം വര്‍ഷം മുന്‍പത്തെ ചരിത്രത്തിലേക്കുള്ള പാതകളാണ്. 1500 പടികള്‍ക്കു മുകളില്‍ കാണുന്ന കല്ലില്‍ കൊത്തിയ ഗുഹകള്‍ വിസ്മയിപ്പിക്കുന്ന നിര്‍മ്മിതിയാണ്. 22 ഗുഹകളാണ് ഇവിടെയുള്ളത്. അജന്തയിലും കാര്‍ലയിലും കണ്ടെത്തിയിട്ടുള്ള ഗുഹകളോട് ഏറ സാമ്യം തോന്നിപ്പിക്കുന്നതാണ് ഭജെ ഗുഹകളും. മിക്ക ഗുഹകളിലും ബുദ്ധന്റെ പ്രതിമകളും ചിത്രങ്ങളും ഒക്കെ കാണാന്‍ സാധിക്കും. താമരയുടെയും ആനയുടെയും ആകൃതിയിലുള്ള കൊത്തുപണികളും ബോധി മരത്തിന്റെ അടയാളങ്ങളും ഇവിടെ കാണാം.