ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അക്രമം നടന്നതിന്റെ പശ്ചാത്തലത്തില്‍ മന്ദിരത്തിന്റെ സുരക്ഷാ ചുമതല സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) കൈമാറും. ലോക്സഭാ സെക്രേട്ടറിയറ്റിന്റെ മേല്‍നോട്ടത്തില്‍ നിലവില്‍ ഡല്‍ഹി പോലീസാണ് സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത്.
അക്രമം നടന്നതിന് പിന്നാലെ ഉന്നതതല അന്വേഷണം നടത്താന്‍ ലോക്സഭാ സ്പീക്കര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷ ശക്തിപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ലോക്സഭാ സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിങ് അധ്യക്ഷനായ സമിതിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഈ സമിതി പാര്‍ലമെന്റ് സമുച്ചയത്തിന്റെ മൊത്തത്തിലുള്ള സുരക്ഷാ കാര്യങ്ങള്‍ പരിശോധിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശിപാര്‍ശകള്‍ നല്‍കുകയും ചെയ്യും.
സുരക്ഷാ ചുമതല കൈമാറുന്നതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റ് മന്ദിരത്തിന്റെ സര്‍വേയ്ക്ക് സിഐഎസ്എഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിഐഎസ്എഫിന്റെ ഗവ. ബില്‍ഡിങ് സെക്യൂരിറ്റി (ജിബിഎസ്) യൂണിറ്റ്, വിവിധ മന്ത്രാലയങ്ങള്‍, ഫയര്‍ കോംബാറ്റ് ആന്‍ഡ് റെസ്പോണ്‍സ് ഓഫീസര്‍മാര്‍, നിലവിലെ പാര്‍ലമെന്റ് സെക്യൂരിറ്റി ടീമിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സര്‍വേ നടത്തുക. പുതിയതും പഴയതുമായ പാര്‍ലമെന്റ് മന്ദിരവും അനുബന്ധ കെട്ടിടങ്ങളും സിഐഎസ്എഫിന്റെ സമഗ്ര സുരക്ഷയ്ക്ക് കീഴില്‍ കൊണ്ടുവരും. പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസ് (പിഎസ്എസ്), ഡല്‍ഹി പോലീസ്, പാര്‍ലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ് (പിഡിജി) എന്നിവരും സുരക്ഷയ്ക്കായി ഉണ്ടാകും.