ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരന് എന്ന് ആക്ഷേപിച്ച രാഹുലിനെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി.
രാഹുലിനെതിരെ എട്ടാഴ്ചക്കകം നടപടിയെടുക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായി ഗൗതം അദാനി എന്നിവരെ ‘പിക്ക് പോക്കറ്റുകൾ’ എന്ന് വിശേഷിപ്പിച്ചതിനാണ് രാഹുലിനെതിരെ നടപടിക്ക് ഒരുങ്ങുന്നത്.
രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും വിവാദ പരാമര്‍ശമുണ്ടായത്. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
രാഹുലിനെതിരെ നടപടിയെടുക്കണമെന്നും രാഷ്ട്രീയ നേതാക്കളുടെ ഇത്തരം മോശം പെരുമാറ്റം തടയാൻ മാർഗരേഖ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്കർണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു