തിരുവനന്തപുരം: സർക്കാരിനെ ക്ഷേമ പെൻഷൻ വിഷയത്തിൽ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മറിയക്കുട്ടി നൽകിയ ഹർജിയിൽ നാളെ സർക്കാർ മറുപടി നൽകണം. പെൻഷൻ നൽകിയേ തീരൂവെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിട്ടുണ്ട്. പെൻഷൻ നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പറയരുത്. ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നുണ്ടോ എന്ന ചോദ്യവും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉയർത്തി.
മറിയക്കുട്ടി വിഐപിയാണെന്നും പെൻഷൻ നൽകാനായില്ലെങ്കിൽ മൂന്ന് മാസത്തെ ചെലവ് ഏറ്റെടുക്കണമെന്നും ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയിട്ടുണ്ട്. ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങി ശ്രദ്ധ നേടിയ എൺപത്തേഴുകാരി ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയും സർക്കാരിന് തലവേദനയാകുകയാണ്. അഞ്ചു മാസമായി വിധവ പെൻഷൻ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. മരുന്ന് ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ബുദ്ധിമുട്ടുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
”ജൂലായിലെ പെൻഷനാണ് ഇതുവരെ ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1,600 രൂപയിൽനിന്നാണ് മരുന്നുൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്. പെൻഷൻ മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. മൂന്നു മക്കളാണുള്ളത്. അവർ പല സ്ഥലങ്ങളിലാണ് താമസം. പെൻഷൻ തുകയിൽ നിന്നാണ് ചെലവുകൾ നടന്നിരുന്നത്. കേന്ദ്ര വിഹിതം മുടങ്ങിയതാണ് പെൻഷൻ കിട്ടുന്നതിനുള്ള തടസ്സമെന്നാണ് അറിയുന്നത്. അത് മുടക്കമുണ്ടെങ്കിൽ കുടിശ്ശിക തുക സംസ്ഥാനത്തിന് നൽകുന്നതിനായി നിർദേശിക്കണം. പെൻഷൻ കൃത്യമായി ലഭിക്കുന്നതിനായി ഇടപെടൽ വേണം” മറിയക്കുട്ടി ഹർജിയിൽ ഇങ്ങനെയാണ് വിശദീകരിക്കുന്നത്.
പെൻഷന് വേണ്ടി കേന്ദ്ര സർക്കാർ വിഹിതം നൽകിയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ട്. ഇതുവരെ പിരിച്ച തുക പെൻഷൻ നൽകാൻ മതിയായതാണ്. പെൻഷൻ കുടിശ്ശിക ഉടൻ നൽകണം. ഭാവിയിൽ പെൻഷൻ കുടിശ്ശിക വരുത്തരുതെന്നുമാണ് മറിയക്കുട്ടിയുടെ ഹർജിയിലെ ആവശ്യം. യാചനാ സമരം നടത്തിയതിനു പിന്നാലെ മറിയക്കുട്ടിക്കു ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നു ദേശാഭിമാനി വാർത്ത നൽകിയിരുന്നു.
READ ALSO ….അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങുകളിലേക്ക് കോൺഗ്രസ് നേതാക്കൾക്കും ക്ഷണം
വാർത്തയ്ക്ക് പിന്നാലെ, തന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന ഭൂമി കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി. തുടർന്ന് മറിയക്കുട്ടിയുടെ പേരിൽ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസർ കത്തു നൽകുകയും ചെയ്തു. ഇതിനു പിന്നാലെ വാർത്തയിൽ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകൾ പ്രിൻസിയുടെ പേരിലുള്ളതാണ്. ഈ മകൾ വിദേശത്താണെന്ന രീതിയിൽ ദേശാഭിമാനിയിൽ വന്ന വാർത്ത പിശകാണെന്നും ഖേദപ്രകടനത്തിൽ പറഞ്ഞിരുന്നു.