ന്യൂഡല്‍ഹി: കൊവിഡ് ഉപവകഭേദമായ ജെ എന്‍.1 രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 21 പേര്‍ക്ക്. ഏറ്റവും കൂടുതല്‍ രോഗികളുളളത് ഗോവയിലാണ്. ഗോവയില്‍ 19 പേര്‍ക്കും മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഓരോത്തര്‍ക്ക് വീതവുമാണ് ജെഎന്‍.1 സ്ഥിരീകരിച്ചത്. ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് നിലവിലെ സാഹചര്യവും പൊതുജനാരോഗ്യസംവിധാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധനടപടികളും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ബുധനാഴ്ച വിലയിരുത്തി. കെറോണവൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തമെന്നും അവയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സഹവര്‍ത്തിത്വം ഉറപ്പുവരുത്താനും മന്ത്രി ആവശ്യപ്പെട്ടു. ഓരോ മൂന്നുമാസത്തിലും മോക്ഡ്രില്ലുകള് സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം കോവിഡില്‍ നിന്ന് ഇനിയും പൂര്‍ണമുക്തി നേടിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ സംസ്ഥാനങ്ങള്‍ കൃത്യമായ നിരീക്ഷണം തുടരണമെന്നാവശ്യപ്പെട്ട അദ്ദേഹം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെ സജീവ കേസുകളില്‍ വര്‍ധനവുണ്ടായത് ആശങ്കയുളവാക്കുന്നുണ്ട്. കേരളം, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രതിദിന പോസിറ്റീവിറ്റി നിരക്ക് നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി സുധാംശു പന്ത് അറിയിച്ചു. ജെഎന്‍.1 വകഭേദത്തെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടന്നുവരികയാണെന്നും നിലവില്‍ ഈ വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും പന്ത് കൂട്ടിച്ചേര്‍ത്തു. ജെഎന്‍1 സ്ഥിരീകരിച്ച രോഗികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും രോഗികള്‍ സുഖം പ്രാപിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ പടര്‍ന്ന് പിടിക്കുന്നത് ഒമിക്രോണ്‍ BA.2.86 ഉപവകഭേദമായ ജെ എന്‍.1 ആണ്. സെപ്തംബറില്‍ യുഎസിലാണ് ആദ്യമായി ജെ എന്‍.1 റിപ്പോര്‍ട്ട് ചെയ്തത്.യുഎസ്, യുകെ, ഐസ്ലാന്‍ഡ്, സ്പെയിന്, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ് ഉള്‍പ്പെടെ ഇതിനകം 38 രാജ്യങ്ങളില്‍ ജെ എന്‍.1 സ്ഥിരീകരിച്ചു.
ജെ എന്‍.1 വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കൊവിഡ് ടാസ്ക് ഫോഴ്സ് കോ-ചെയര്മാന് പറഞ്ഞു. രോഗപ്രതിരോധ ശേഷിയെ തകിടം മറിക്കാനുള്ള പ്രാപ്തിയും അധികമാണ്. ഒരിക്കല്‍ കൊവിഡ് വന്നവര്‍ക്കും, വാക്സിനെടുത്തവര്‍ക്കും ഇവ ബാധിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു